വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മാഫിയാ സംഘം; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരടക്കം പങ്കാളികൾ
കേൾവിയില്ലെന്ന് അഭിനയിച്ച്, ഡോക്ടറിൽ നിന്ന് വാങ്ങിയ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ് മീഡിയവണിന്

കോഴിക്കോട്: അനർഹർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് തയാറാക്കി നൽകാനായി സംഘം പ്രവർത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുള്‍പ്പെടെ പങ്കാളികളായ സംഘത്തിനായി ഏജന്റുമാർ സജീവമാണ്.
കേള്‍വിയില്ലെന്ന് അഭിനയിച്ച് ഡോക്ടറില്‍ നിന്ന് വാങ്ങിയ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പും ഏജന്റിന്റെ ശബ്ദ സന്ദേശവും മീഡിയവണിന് ലഭിച്ചു. സർക്കാർ ജോലിക്കായി ഭിന്നശേഷി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് അത് സംഘടിപ്പിച്ചു കൊടുക്കുകയാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിന്റെ പ്രവർത്തന രീതി.
ഭിന്നശേഷി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകുന്ന ഏജൻ്റിൻ്റെ നിർദേശമനുസരിച്ച് കോഴിക്കോട് മൊടക്കല്ലൂരിലെ സർക്കാർ ആശുപത്രിയിലെത്തിയ ബിന്‍സിൻ എന്ന അധ്യാപകന് ലഭിച്ച കേള്‍വി പരിമിത സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. കൃത്യമായ അന്വേഷണം വന്നാൽ കുടുങ്ങില്ലേ എന്ന് ചോദിക്കുമ്പോൾ ഒരു പ്രശ്‌നവുമില്ലെന്നും ഒരുപാട് പേർ കൈകാര്യം ചെയ്ത കാര്യമാണെന്നുമാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകുന്ന ഏജന്റ് പറയുന്നത്.സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാല്‍ ഭാവിയിൽ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഉറപ്പ് ഏജന്‍റുമാര്‍ നല്‍കുന്നുണ്ട്.
പണം നൽകുന്നവർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭിക്കുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. ഇങ്ങനെ വ്യാജമായ സർട്ടിഫിക്കറ്റ് കൈക്കലാക്കിയവർ പലരും സർക്കാർ സർവീസിലുണ്ടെന്ന ആക്ഷേപമുണ്ട്. അനർഹക്കെതിരെ നടപടിയെടുക്കാനും അർഹർക്ക് ആനുകൂല്യം ഉറപ്പുവരുത്താനും സർക്കാർ ഇടപെടല്‍ അനിവാര്യമാണ്.
Adjust Story Font
16

