Quantcast

'ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്‌യുടെ മുഖത്ത് തുപ്പണം, വണ്ടി തടയണം; കാര്യമായ ശിക്ഷ കിട്ടില്ല': ആഹ്വാനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്

ഖജുരാഹോ ക്ഷേത്രത്തിലെ മഹാവിഷ്ണു വിഗ്രഹം നവീകരിക്കണമെന്ന ഹരജി തള്ളിയുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനു പിന്നാലെയാണ് ടി.ജി മോഹൻദാസിന്റെ പരാമർശം.

MediaOne Logo

Web Desk

  • Updated:

    2025-10-08 07:15:57.0

Published:

8 Oct 2025 12:30 PM IST

Spit in Chief Justice B.R. Gavais face, stop his car Says RSS Leader T.G. Mohandas
X

Photo| Special Arrangement

സുപ്രിംകോടതി ചീഫ് ജസ്റ്റ് ബി.ആർ ഗവായ്‌യുടെ മുഖത്ത് തുപ്പണമെന്നും വാഹനം തടയണമെന്നും ആഹ്വാനം ചെയ്ത് ആർഎസ്എസ് സൈദ്ധാന്തികനും ബിജെപി മുൻ ഇന്റലക്ച്വൽ സെൽ മേധാവിയുമായ ടി.ജി മോഹൻദാസ്. ഖജുരാഹോ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ വിഗ്രഹം നവീകരിക്കണമെന്ന ഹരജി തള്ളിയുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനു പിന്നാലെയാണ് ടി.ജി മോഹൻദാസിന്റെ പരാമർശം. സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, സെപ്തംബർ 30നാണ് പത്രിക എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടി.ജി മോഹൻദാസ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. 'ഗവായ്ക്ക് ദൈവം കൊടുത്തു' എന്ന തലക്കെട്ടിലാണ് വീഡിയോ.

ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പിയാൽ ഏറിയാൽ ആറ് മാസമേ ശിക്ഷ കിട്ടൂ. ഒരു ഹിന്ദു പോലും അതിന് തയാറായില്ലെന്നും ടി.ജി മോഹൻദാസ് പറയുന്നു. വണ്ടി തടഞ്ഞുനിർത്തിയാലും കാര്യമായ ശിക്ഷ കിട്ടില്ല. പിടിച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകും, വൈകുന്നേരമാകുമ്പോൾ വിടും. പക്ഷേ ഇത് ചെയ്യാൻ ഹിന്ദുവില്ല, ഉടനെയൊന്നും ഉണ്ടാകുമെന്നും പ്രതീക്ഷയില്ല- മോഹൻദാസ് തുടരുന്നു. എല്ലാ മതങ്ങളോടും ബഹുമാനമാണെന്നാണ് ഗവായ് പറഞ്ഞത്. അതാര് ചോദിച്ചു. അതല്ലല്ലോ ചോദ്യം, നിങ്ങൾ മഹാവിഷ്ണുവിനെ പുച്ഛിച്ചും പരിഹസിച്ചും സംസാരിച്ചു, ആ തെറ്റ് സമ്മതിക്കണം- ടി.ജി മോഹൻദാസ് ആവശ്യപ്പെടുന്നു.

ബി.ആർ ഗവായ്‌യെ ബഹുമാനിച്ചില്ലെങ്കിൽ ഹിന്ദു മതത്തിനോ സമൂഹത്തിനോ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നു പറയുന്ന ടി.ജി മോഹൻദാസ്, ചീഫ് ജസ്റ്റിസായതിനാൽ ആ കസേരയോട് മാന്യത കാണിച്ച് ഇതുപോലുള്ള വിടുവായിത്തം പറയാതിരിക്കണമായിരുന്നു എന്നും അഭിപ്രായപ്പെടുന്നു. വായിൽ നിന്ന് വീണുപോയെങ്കിൽ അത് പിൻവലിക്കാനും മാപ്പ് പറയാനും തയാറാകണമായിരുന്നെന്നും നിങ്ങളുടെ ബഹുമാനവും തേങ്ങയും വേണ്ടെന്നും ടി.ജി മോഹൻദാസ് വീഡിയോയിൽ പറയുന്നുണ്ട്.

ടി.ജി മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ...

'രണ്ട് കോടി രൂപ ഖജുരാഹോയിലെ അറ്റകുറ്റപ്പണിക്കായി മഹാരാഷ്ട്ര സർക്കാരിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചിരുന്നു. ഈ തുകയിൽ മഹാവിഷ്ണു വിഗ്രഹത്തിന്റെ ശിരസിന്റെ അറ്റകുറ്റപ്പണി കൂടിയുണ്ടെന്ന് പ്രത്യേകം പറഞ്ഞിരുന്നില്ല. ടൂറിസം ആവശ്യത്തിന്റെ ഭാഗമായി കൊടുത്തതാണിത്. ഖജുരാഹോയിലാക്കാണെന്ന് പറഞ്ഞതോടെ ഗവായ് ഇടപെട്ടു. ഇദ്ദേഹം അതിനെ എതിർത്തോടെ സോഷ്യൽമീഡിയയിൽ അസാമാന്യമായി ഹിന്ദുക്കൾ പ്രതികരിച്ചു. വാസ്തവത്തിൽ അത് പോരാ എന്നാണ് എന്റെ അഭിപ്രായം.

ബി.ആർ ഗവായ് ഇറങ്ങിവരുമ്പോൾ ഒരാൾ മുഖത്ത് തുപ്പുന്നു, ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പിയാൽ ഏറിയാൽ ആറ് മാസമേ ശിക്ഷ കിട്ടൂ. ഒരു ഹിന്ദു പോലും അതിന് തയാറായില്ലല്ലോ. ഇദ്ദേഹം ഇറങ്ങിവരുമ്പോൾ ആരെങ്കിലും വണ്ടി തടഞ്ഞുനിർത്തണം. ഒരു നാല് പേർ മതി. അതിനു കാര്യമായ ശിക്ഷ കിട്ടില്ല. പിടിച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകും, വൈകുന്നേരമാകുമ്പോൾ വിടും. പക്ഷേ ഇത് ചെയ്യാൻ ഹിന്ദുവില്ല, ഉടനെയൊന്നും ഉണ്ടാകുമെന്നും പ്രതീക്ഷയില്ല.

പക്ഷേ സോഷ്യൽമീഡിയയിൽ ഹിന്ദുക്കൾ രംഗത്തിറങ്ങുകയും ബി.ആർ ഗവായ്‌യെ അറഞ്ചം പുറഞ്ചം ട്രോൾ ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് ബിആർ ഗവായ് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ പോയി കണ്ടു. അതിന്റെ ഫോട്ടോ പുറത്തുവന്നതോടെ, അത് സൂം ചെയ്ത് ഗവായ് ഇട്ട ഷൂവിന് 80,000 രൂപ വരെ വില വരുമെന്ന് സോഷ്യൽമീഡിയ കണ്ടെത്തി. 80,000 രൂപയുടെ ഷൂ ഇട്ടാണോ ചീഫ് ജസ്റ്റിസ് നടക്കുന്നതെന്ന ചോദിച്ചപ്പോൾ ബി.ആർ ഗവായ് വല്ലാതെ വിഷമിച്ചു. കോടതി മുറിയിൽ ഗവായ് പറഞ്ഞു, താൻ പറഞ്ഞതിനെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽമീഡിയ വേട്ടയാടുന്നു എന്ന്. സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തത് എന്താണ്. മൊത്തം സന്ദർഭം തന്നെ എല്ലാവരും റിപ്പോർട്ട് ചെയ്തു, അതിൽ അടർത്തിയെടുക്കാൻ ഒന്നുമില്ല. എല്ലാ മതങ്ങളോടും ബഹുമാനമാണെന്നാണ് ഗവായ് പറഞ്ഞത്. അതാര് ചോദിച്ചു. അതല്ലല്ലോ ചോദ്യം, നിങ്ങൾ മഹാവിഷ്ണുവിനെ പുച്ഛിച്ചും പരിഹസിച്ചും സംസാരിച്ചു എന്നത് സത്യമല്ലേ. നിങ്ങൾ ആ തെറ്റ് സമ്മതിക്കണം.

ബി.ആർ ഗവായ്‌യെ ബഹുമാനിച്ചില്ലെങ്കിൽ ഹിന്ദു മതത്തിനോ സമൂഹത്തിനോ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. നിങ്ങൾ ചീഫ് ജസ്റ്റിസായതിനാൽ ആ കസേരയോട് മാന്യത കാണിച്ച് ഇതുപോലുള്ള വിടുവായിത്തം പറയാതിരിക്കണമായിരുന്നു. വായിൽ നിന്ന് വീണുപോയെങ്കിൽ അത് പിൻവലിക്കാനും മാപ്പ് പറയാനും തയാറാകണമായിരുന്നു. നിങ്ങളുടെ ബഹുമാനവും തേങ്ങയും വേണ്ട ഹേ... നിങ്ങൾ ലോകത്തെ ഭരിക്കുകയാണല്ലോ...? ഗതികേടാണ് നമ്മുടെ, എന്ത് ചെയ്യാൻ പറ്റും. മഹാവിഷ്ണുവിനെ അപമാനിച്ചിട്ട് എല്ലാവരോട് ബഹുമാനമാണെന്ന് പറഞ്ഞാൽ മതിയോ...?'- ഇങ്ങനെ പോകുന്നു ഇയാളുടെ വാക്കുകൾ.

മധ്യപ്രദേശിലെ ഖജുരാഹോ സ്മാരക സമുച്ചയത്തിലെ ജാവേരി ക്ഷേത്രത്തിലെ കേടുപാടുകൾ സംഭവിച്ച ഏഴ് അടി ഉയരമുള്ള വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി സെപ്തംബർ 16നാണ് സുപ്രിംകോടതി തള്ളിയത്. "പ്രശസ്തിക്ക് വേണ്ടിയുള്ള ഹരജി" എന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

ഈ വിഷയം കോടതിയുടെ അധികാരപരിധിയിലല്ല, മറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അധികാരപരിധിയിലാണെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. “പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയൂ. നിങ്ങൾ വിഷ്ണു ഭഗവാന്റെ വലിയ ഭക്തനാണെന്ന് പറയുന്നു. അപ്പോൾ പോയി പ്രാർഥിക്കൂ. ഇത് ഒരു പുരാവസ്തു സ്ഥലമാണ്, എഎസ്ഐയാണ് അനുമതി നൽകേണ്ടത്. ക്ഷമിക്കണം”- ചീഫ് ജസ്റ്റിസ് ഗവായ് ഹരജിക്കാരനോട് പറഞ്ഞു. ഇതാണ് ഹിന്ദുത്വ ക്യാംപിനെ പ്രകോപിപ്പിച്ചത്. രാകേഷ് കിഷോറിനെ പ്രകോപിപ്പിച്ചതും ഈ പരാമർശമാണെന്നാണ് വിവരം.

TAGS :

Next Story