വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശം; ശിവഗിരി മഠത്തിലെത്തി മുസ്‌ലിംകളോട് മാപ്പ് ചോദിച്ച് ശ്രീനാരായണീയൻ
ശ്രീനാരായണീയർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തങ്ങൾ ഗുരു ദർശനത്തിനൊപ്പമാണോ എന്നതിൽ നിലപാട് വ്യക്തമാക്കേണ്ട സവിശേഷ ചരിത്രഘട്ടമാണിതെന്നും അനീഷ് രാജ് പറയുന്നു

- Updated:
2026-01-06 09:28:59.0

കോഴിക്കോട്: വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങളിൽ ശിവഗിരി മഠത്തിലെത്തി മുസ്‌ലിംകളോട് മാപ്പ് ചോദിച്ച് ശ്രീനാരായണീയൻ. വെള്ളാപ്പള്ളി മുസ്‌ലിംങ്ങൾക്കെതിരെ നടത്തുന്ന വിദ്വേഷ പരാമർശങ്ങളിൽ തനിക്കുള്ള വേദനയും അമർശവും രേഖപ്പെടുത്തുന്നുവെന്ന് വീഡിയോ ചെയ്ത അനീഷ് രാജ് പറയുന്നു.
താനിപ്പോൾ നിൽക്കുന്നത് തനിക്കേറ്റവും പ്രിയപ്പെട്ട ഒരിടത്താണ്. ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധിക്കരികിൽ എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.
കഴിഞ്ഞ ആറുമാസങ്ങൾക്കിടയിൽ വിവിധ വേദികളിലായി 20ലധികം തവണ വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സഹോദരങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നടത്തി. ശ്രീ നാരായണ ഗുരുവിൻ്റെ സ്വന്തമായ എസ്എൻഡിപിയുടെ അമരത്തിരുന്ന് കൊണ്ടാണിത്. മുസ്‌ലിം സഹോദരങ്ങൾക്കുണ്ടായ വേദനയിൽ ഒരു ശ്രീനാരായണീയൻ എന്ന നിലയിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു.
'ഇസ്ലാം മതത്തിൻ്റെ സാരം സഹോദര്യമാണെന്നും ക്രിസ്തുമതത്തിൻ്റെ സാരം സ്നേഹമാണെന്നും ഉദ്ഘോഷിച്ച മുഹമ്മദ് നബിയെ അമൂല്യ മുത്ത് രത്നമായി കണ്ട അപരപ്രിയമെന്ന ആശയത്തെ തൻ്റെ ആത്മത്തിൽ സ്വാംശീകരിച്ച മഹാഗുരു തൻ്റെ ജീവിതം ഉരുക്കി കെട്ടിപടുത്ത മഹാപ്രസ്ഥാനത്തിൻ്റെ അമരത്തിരുന്ന് ദിനേനെയെന്നോണം മുസ്ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തി ശ്രീനാരായണീയരെ അപമാനിക്കുന്ന വെള്ളാപ്പള്ളി നടേശനും അയാളെ തോളിലേറ്റി നടക്കുന്നവന്മാർക്കും സമർപ്പയാമി' എന്ന അടിക്കുറിപ്പും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
'അജീഷിൻ്റെ ഈ സങ്കടവും ചിന്തയും പൂർണ്ണമായും പങ്കു പറ്റുന്ന ഒരാളാണ് ഞാൻ. ശ്രീ നാരായണ ഗുരുവിൻ്റെ പാത സ്വീകരിക്കുന്നവർ എല്ലാം പരസ്യമായി ശ്രീ നാരായണ തത്വം ഉയർത്തി പിടിച്ച് മാനവ മൈത്രിക്കായി മുന്നോട്ടു വരണം' എന്നിങ്ങനെ പല കമൻ്റുകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം.
നാരായണ ഗുരുവിനെ സ്നേഹിക്കുന്നവർ വിശിഷ്യ ശ്രീനാരായണീയർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തങ്ങൾ ഗുരു ദർശനത്തിനൊപ്പമാണോ എന്നതിൽ നിലപാട് വ്യക്തമാക്കേണ്ട സവിശേഷ ചരിത്രഘട്ടമാണിതെന്നും അനീഷ് രാജ് പറയുന്നു.
Adjust Story Font
16
