Quantcast

'ജിഫ്രി തങ്ങൾ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടരുത്'; പ്രവർത്തകർക്ക് നിർദേശവുമായി എസ്.എസ്.എഫ്

'സംഘടനകളിലെ അഭിപ്രായ ഭിന്നതകളും നടപടികളും ഒരു നേതൃത്വവും ഇഷ്ടപ്പെടാത്തതും ആഗ്രഹിക്കാത്തതുമായിരിക്കും. സംഭവിച്ച അവസ്ഥകളിൽ മഞ്ഞുരുക്കാനും രഞ്ജിപ്പുകൾക്കും പല കോണുകളിൽനിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയിൽ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ല'

MediaOne Logo

Web Desk

  • Published:

    10 Nov 2022 7:30 AM GMT

ജിഫ്രി തങ്ങൾ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടരുത്; പ്രവർത്തകർക്ക് നിർദേശവുമായി എസ്.എസ്.എഫ്
X

കോഴിക്കോട്: സി.ഐ.സി വിഷയവുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എടുത്ത തീരുമാനത്തിൽ അനാവശ്യമായി ഇടപെട്ട് ഭിന്നതയുണ്ടാക്കരുതെന്ന് എസ്.എസ്.എഫ്. ''ജിഫ്രി തങ്ങൾ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിലും നയങ്ങളിലും ഇടപെടുന്നതും രംഗം ശബ്ദമയമാക്കുന്നതും ഉചിതമല്ല. ആശയപരവും ഘടനാപരവുമായ വിഷയങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും പ്രാപ്തിയുള്ളവരായിരിക്കും അതതു പ്രസ്ഥാനങ്ങളുടെ നേതൃത്വം. അല്ലെങ്കിൽ അവരാണ് അത് നിർവഹിക്കേണ്ടത്. അതിലെ നയങ്ങളും നിലപാടുകളും സംഘടനാ രീതികളുമൊക്കെ നിശ്ചയിക്കുന്നതും അതതു നേതൃത്വവും ഘടകങ്ങളുമാണ്. അതുകൊണ്ടു തന്നെ ചർച്ചകളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവർക്കു വിടുന്നതാണ് മര്യാദ. സമൂഹത്തെയും വിശ്വാസ ആദർശങ്ങളെയുമൊക്കെ ബാധിക്കുന്ന ഘട്ടങ്ങളിൽ വിഷയാധിഷ്ഠിതമായി മാത്രം അഭിപ്രായം പറയുകയുമാവാം. സംഘടനകളിലെ അഭിപ്രായ ഭിന്നതകളും നടപടികളും ഒരു നേതൃത്വവും ഇഷ്ടപ്പെടാത്തതും ആഗ്രഹിക്കാത്തതുമായിരിക്കും. സംഭവിച്ച അവസ്ഥകളിൽ മഞ്ഞുരുക്കാനും രഞ്ജിപ്പുകൾക്കും പല കോണുകളിൽനിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയിൽ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ല''-എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്താവനയുടെ പൂർണരൂപം:

കേരളത്തിലെ പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ ധിഷണാപരവും വൈജ്ഞാനികവും രാഷ്ട്രീയവുമായ ഉണർവുകളോട് അസഹിഷ്ണുത പുലർത്തുന്ന ചിലരെങ്കിലുമുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളുള്ള രാഷ്ട്രീയ, സാമൂഹിക ചേരികളും പരിഷ്കരണ പ്രസ്ഥാനങ്ങളും കേരളത്തിലെ സുന്നി സമൂഹത്തിന്റെ ജാഗരണങ്ങളെ അരുക്കാക്കാനും ചേർച്ചകൾ ഇല്ലാതാക്കാനും പണിയെടുത്തു പോന്നിട്ടുമുണ്ട്. ഉമ്മത്തിയൻ സിദ്ധാന്തങ്ങൾ സുന്നി ഉലമാക്കളുടെ അടുത്തെത്തുമ്പോൾ ഭാവമാറ്റം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ, എല്ലാതരം വിരുദ്ധ സമീപനങ്ങളെയും തിരിച്ചറിഞ്ഞും ആശയപരമായി പ്രതിരോധിച്ചും പുരോഗതിയുടെ സർഗാത്മക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നാം. ഇനിയും കൂടുതൽ ശ്രമം അതിലായിരിക്കുകയും വേണം.

ബഹു. ജിഫ്രി തങ്ങൾ പ്രസിഡന്റായ സുന്നി സംഘടനയിലെ ആഭ്യന്തര തീരുമാനങ്ങളിലും നയങ്ങളിലും ഇടപെടുന്നതും രംഗം ശബ്ദമയമാക്കുന്നതും ഉചിതമല്ല. ആശയപരവും ഘടനാപരവുമായ വിഷയങ്ങൾ വിലയിരുത്താനും നടപടികൾ സ്വീകരിക്കാനും പ്രാപ്തിയുള്ളവരായിരിക്കും അതതു പ്രസ്ഥാനങ്ങളുടെ നേതൃത്വം. അല്ലെങ്കിൽ അവരാണ് അത് നിർവഹിക്കേണ്ടത്. അതിലെ നയങ്ങളും നിലപാടുകളും സംഘടനാ രീതികളുമൊക്കെ നിശ്ചയിക്കുന്നതും അതതു നേതൃത്വവും ഘടകങ്ങളുമാണ്. അതുകൊണ്ടു തന്നെ ചർച്ചകളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവർക്കു വിടുന്നതാണ് മര്യാദ. സമൂഹത്തെയും വിശ്വാസ ആദർശങ്ങളെയുമൊക്കെ ബാധിക്കുന്ന ഘട്ടങ്ങളിൽ വിഷയാധിഷ്ഠിതമായി മാത്രം അഭിപ്രായം പറയുകയുമാവാം.

സംഘടനകളിലെ അഭിപ്രായ ഭിന്നതകളും നടപടികളും ഒരു നേതൃത്വവും ഇഷ്ടപ്പെടാത്തതും ആഗ്രഹിക്കാത്തതുമായിരിക്കും. സംഭവിച്ച അവസ്ഥകളിൽ മഞ്ഞുരുക്കാനും രഞ്ജിപ്പുകൾക്കും പല കോണുകളിൽനിന്ന് ശ്രമങ്ങളുമുണ്ടാകും. അതിനിടയിൽ രംഗം കൊഴുപ്പിക്കുന്ന ജോലി മാനവികമാകില്ല.

ഈ ഘട്ടത്തിൽ സംഘടനാ തീരുമാനത്തെ വിമർശിച്ചോ വിശകലന വിധേയമാക്കിയോ അഭിപ്രായങ്ങളും വിമർശങ്ങളും ഉന്നയിക്കുന്നതും ചരിത്രം ഓർമപ്പെടുത്തിയും കുത്തുവാക്കുകൾ പറഞ്ഞും ആക്ഷേപിക്കുന്ന സാഹചര്യവും ഉണ്ടായിക്കൂടാ. സുന്നി സമൂഹത്തിന്റെ ഐക്യവും സക്രിയമായ പ്രവർത്തനങ്ങളും ആഗ്രഹിച്ചു കൊണ്ടുള്ള നിലപാടുകളും നിയന്ത്രണങ്ങളുമാണ് നാം സ്വീകരിക്കേണ്ടത്. ഇടപെടലുകൾ ഗുണകാംക്ഷാപരമായിരിക്കണം. അല്ലാത്തതൊക്കെയും വിഫലമായിരിക്കും.

TAGS :

Next Story