Quantcast

കുഞ്ഞുങ്ങളെപ്പോലും കരുവാക്കി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ്

''മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനെന്ന വ്യാജേന പ്രവർത്തിക്കുന്ന സംഘടന അവരുടെ നിലപാടുകളിലൂടെ ഇസ്‌ലാമിനെ തന്നെ അപഹസിക്കുകയാണ്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശക്തവും സൗഹാർദപരവുമായ പൗരജീവിതം നിലനിൽക്കുന്ന നാട്ടിൽ അതിനെ തകർക്കാനിറങ്ങിയവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്.''

MediaOne Logo

Web Desk

  • Published:

    25 May 2022 2:20 PM GMT

കുഞ്ഞുങ്ങളെപ്പോലും കരുവാക്കി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: എസ്.എസ്.എഫ്
X

കോഴിക്കോട്: കേരളത്തിലെ സാമൂഹികവും സാമുദായികവുമായ സൗഹൃദാന്തരീക്ഷത്തെ തകർക്കുന്ന പ്രവർത്തനങ്ങളും പ്രസംഗങ്ങളും മുദ്രാവാക്യങ്ങളുയർത്തുന്ന സംഘടനകളെയും വ്യക്തികളെയും ഒറ്റപ്പെടുത്തണമെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജഅ്ഫർ പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയമായ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി പരിശുദ്ധമായ ബാല്യത്തെ പോലും കരുവാക്കുന്നതാണ് ആലപ്പുഴയിൽ കഴിഞ്ഞ ദിവസം കുട്ടിയുടെ കൊലവിളി മുദ്രാവാക്യത്തിലൂടെ കേരളം കണ്ടത്. ഒരു ഭാഗത്ത് അതിനെ തള്ളിപ്പറയുമ്പോഴും ന്യായീകരിക്കുകയും ഏറ്റെടുക്കുകയും മഹത്വമുള്ള എന്തോ കാര്യം നിർവഹിച്ചെന്ന രീതിയിൽ അവതരിപ്പിക്കുകയുമാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്. നാളത്തെ പൗരന്മാരാകേണ്ട ബാല്യങ്ങളുടെ മനസ്സിൽ സ്‌നേഹത്തിന്റെ സന്ദേശങ്ങൾ പകരുന്നതിന് പകരം വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം മാനവികതയുടെ പക്ഷത്തല്ലെന്ന് സി.എൻ ജഅ്ഫർ പറഞ്ഞു.

''മതമാണ് മാർഗമെന്ന് പറയുകയും ഇസ്‌ലാമാണ് വഴി, പ്രവാചകനാണ് മാതൃക എന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യുന്നവരാണ് ഇത്തരത്തിലുള്ള മതവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്. മതത്തെ പൊതുസമൂഹം തെറ്റിദ്ധരിക്കാൻ ഇടവരുത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പോപ്പുലർ ഫ്രണ്ടിനെ സമുദായം തള്ളിപ്പറയണം. മറ്റേതെങ്കിലും സംഘടന കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കുന്നുവെന്നത് അവരുടെ പ്രവർത്തനങ്ങൾക്കുള്ള ന്യായീകരണമല്ല. അല്ലെങ്കിൽ പോപ്പുലർ ഫ്രണ്ട് മതം തങ്ങളുടെ വഴികാട്ടിയല്ലെന്ന് പറയണം. നിങ്ങൾ നിർവഹിക്കുന്ന പ്രവർത്തനങ്ങൾക്കെല്ലാം മതം പ്രതിക്കൂട്ടിലാവുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇനിയെങ്കിലും മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് പിന്മാറണമെന്നാണ് കേരളീയ മുസ്‌ലിം സമൂഹത്തിന് അവരോട് പറയാനുള്ളത്.''

''മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിനെന്ന വ്യാജേന പ്രവർത്തിക്കുന്ന സംഘടന അവരുടെ നിലപാടുകളിലൂടെ, പ്രവൃത്തിയിലൂടെ ഇസ്‌ലാമിനെ തന്നെ അപഹസിക്കുകയാണ്. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശക്തവും സൗഹാർദപരവുമായ പൗരജീവിതം നിലനിൽക്കുന്ന നാട്ടിൽ അതിനെ തകർക്കാനിറങ്ങിയവർക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. വർഗീയ ധ്രുവീകരണത്തിലൂടെ വോട്ടുബാങ്കാണ് അവർ ഉന്നംവയ്ക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ പോലും മതത്തിന്റെ നിറംചേർക്കുന്നത് അതിനു വേണ്ടിയാണ്.''

കേരളത്തിലെ മതേതരസമൂഹവും പ്രസ്ഥാനങ്ങളും സാധിച്ചെടുത്ത സമാധാനാന്തരീക്ഷത്തെ കലുഷമാക്കുന്ന വ്യക്തികളെയും സംഘടനകളെയും നിരുപാധികം തള്ളിക്കളയുകയും നിയമനടപടികൾക്ക് വിധേയമാക്കുകയുമാണ് വേണ്ടത്. നിത്യജീവിതത്തിൽ പോലും വിദ്വേഷം നിറയുന്ന കാലത്ത് വർഗീയതയുടെ വിഷപ്പുക വ്യാപിക്കാതിരിക്കാൻ ഓരോ വ്യക്തിയും ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും സി.എൻ ജഅ്ഫർ പറഞ്ഞു.

എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഹാമിദലി സഖാഫി, നിയാസ്, കെ.ബി ബഷീർ എന്നിവർ സംസാരിച്ചു.

Summary: SSF calls for the isolation of organizations and individuals who raise slogans and activities that undermine the social and communal harmony in Kerala.

TAGS :

Next Story