Quantcast

'വാ വിട്ട് പോയതല്ല, 'മഹതി' എന്ന് പറഞ്ഞത് ബോധപൂര്‍വം, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഖേദം പ്രകടിപ്പിക്കില്ല'; എം.എം മണി

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമര്‍ശം

MediaOne Logo

ijas

  • Updated:

    2022-07-15 05:43:00.0

Published:

15 July 2022 5:22 AM GMT

വാ വിട്ട് പോയതല്ല, മഹതി എന്ന് പറഞ്ഞത് ബോധപൂര്‍വം, പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു, ഖേദം പ്രകടിപ്പിക്കില്ല; എം.എം മണി
X

തിരുവനന്തപുരം: കെ.കെ. രമയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഖേദം പ്രകടിപ്പിക്കില്ലെന്നും എം.എം മണി എം.എല്‍.എ. വാ വിട്ട് പറഞ്ഞതല്ലെന്നും മഹതി എന്ന് പറഞ്ഞത് ബോധപൂര്‍വം തന്നെയാണെന്നും എം.എം മണി പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അതിലൊന്നും ഒരു ഖേദവും പ്രകടിപ്പിക്കുന്നില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.

താന്‍ പറഞ്ഞു അവസാനിപ്പിക്കുന്നതിന് മുന്നേ പ്രതിപക്ഷ നിരയില്‍ നിന്നും പ്രശ്നമുണ്ടാക്കിയതാണെന്നും പൂര്‍ണമായും കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ പ്രശ്നമുണ്ടാക്കേണ്ട സ്ഥിതിയുണ്ടാകുമായിരുന്നില്ലെന്നും എം.എം മണി പറഞ്ഞു. ഇപ്പോള്‍ എന്തോ അബദ്ധം ചെയ്തു എന്ന മട്ടിലാണ് കാര്യങ്ങളെന്നും അതിനൊന്നും തന്നെ കിട്ടില്ലെന്നും മണി വ്യക്തമാക്കി.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കെ.കെ. രമയ്‌ക്കെതിരേ എം.എം. മണിയുടെ വിവാദ പരാമര്‍ശം ഉയര്‍ന്നത്. ''ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു; മുഖ്യമന്ത്രിക്ക് എതിരേ, എല്‍.ഡി.എഫ്. സര്‍ക്കാരിന് എതിരേ, ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയി, അത് അവരുടേതായ വിധി, അതിനു ഞങ്ങളാരും ഉത്തരവാദികളല്ല'' -എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്നും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സ്ത്രീത്വത്തെ അപമാനിച്ച എം.എം മണി എം.എല്‍.എ മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.

അൺപാർലമെന്‍ററി വാക്കുകൾ മാത്രമേ മാറ്റാൻ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പാർട്ടി കോടതി വിധിയുടെ ഭാഗമായിട്ടാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പാർട്ടി കോടതി ജഡ്ജ് ആരായിരുന്നുവെന്ന് തന്നെ കൊണ്ട് പറയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കി. ചോദ്യോത്തരവേള റദ്ദാക്കുകയും സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.

എം.എം മണിയുടെ വിശദീകരണം:

ടി.പി ചന്ദ്രശേഖരന്‍ കേസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. ഞാന്‍ മനപൂര്‍വം അവരെ അപമാനിക്കാനും ഉദേശിച്ചിട്ടില്ല. പക്ഷേ അവര്‍ നിരന്തരം മുഖ്യമന്ത്രിയെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണെന്ന അഭിപ്രായമൊന്നും ഇല്ല. എല്ലാ മുഖ്യമന്ത്രിമാരെയും വിമര്‍ശിക്കുന്നില്ലേ. ഇതതൊന്നുമല്ല, അവര്‍ ഇവിടുത്തെ ഒരൊറ്റ് മെമ്പറേയുള്ളൂ. അവര്‍ക്ക് പ്രത്യേക സമയം അലോട്ട് ചെയ്ത് കൊടുത്തിട്ട് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല പ്രതികരിച്ചത്. ഇനി അദ്ദേഹത്തെ പിടിച്ചിട്ട് ഇതില്‍ ഇടണ്ട. ഞാനെന്‍റേതായ ബുദ്ധിക്ക് തുടങ്ങിയതാണ്. പക്ഷേ തുടങ്ങി തീരുന്നതിന് മുമ്പേ അവര് പ്രശ്നമുണ്ടാക്കി. പൂര്‍ണമായും പറഞ്ഞിരുന്നേല്‍ അവിടെ പ്രശ്നമുണ്ടാക്കേണ്ട സ്ഥിതിയുണ്ടാകുമായിരുന്നില്ല.

ഒരു കാര്യം പറയാം. നിയമസഭയിലുള്ള ആരും വിമര്‍ശനത്തിന് അതീതരൊന്നുമല്ല. അങ്ങനെ പ്രത്യേക റിസര്‍വേഷനൊന്നുമില്ല. വാ വിട്ട് പോയതൊന്നുമല്ല, ഞാന്‍ മഹതി എന്ന് പറഞ്ഞത് ബോധപൂര്‍വം തന്നെയാണ്. അപ്പുറത്തെ നിരയില്‍ നിന്നും യു.ഡി.എഫിന്‍റെ പ്രതിനിധി വിധവയല്ലേയെന്ന് വിളിച്ചു ചോദിച്ചു. ആരാന്ന് ഞാന്‍ കണ്ടില്ല. അതവരുടെ വിധിയാണെന്ന് പറഞ്ഞു. ഇത്രയും കാര്യങ്ങള്‍ ശരി തന്നെയാണ്. പറഞ്ഞതാണ്. ആ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. അതിലൊന്നും ഒരു ഖേദവും പ്രകടിപ്പിക്കുന്നുവുമില്ല. കാരണം അറുക്കുന്നതിന് മുമ്പ് അവര് പിടച്ചു. എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമായിരുന്നുല്ലോ. ഞാനതെല്ലാം ഭംഗിയായി പറയുമായിരുന്നു. ഇപ്പോള്‍ ഞാന്‍ എന്തോ അബദ്ധം ചെയ്തു എന്ന മട്ടിലാണ്. അതിനൊന്നും എന്നെ കിട്ടില്ല.

TAGS :

Next Story