വഖഫ് ഭേദഗതി നിയമത്തെ മറികടക്കാൻ സംസ്ഥാനം പ്രത്യേകം നിയമനിർമാണം നടത്തണം: കേന്ദ്ര വഖഫ് കൗൺസിൽ മുൻ സെക്രട്ടറി
വഖഫ് കൺകറൻ്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമം നടപ്പാക്കാൻ ബാധ്യതയില്ല.

കോഴിക്കോട്: കേന്ദ്രം കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ മറികടക്കാൻ സംസ്ഥാനം പ്രത്യേകം നിയമനിർമാണം നടത്തണമെന്നാവശ്യം. കേന്ദ്ര വഖഫ് കൗൺസിൽ മുൻ സെക്രട്ടറിയും കേരള വഖഫ് ബോർഡ് മുൻ സിഇഒയുമായ ബി.എം ജമാലാണ് നിർദേശം മുന്നോട്ടുവച്ചത്.
വഖഫ് കൺകറൻ്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമം നടപ്പാക്കാൻ ബാധ്യതയില്ലെന്നും ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ കേരളം ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകണമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
വഖഫ് കൺകറൻ്റ് ലിസ്റ്റിലുള്ള വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമനിർമാണം നടത്താം. നിയമത്തിനെതിരെ എതിർപ്പുള്ള സംസ്ഥാനങ്ങൾ പുതിയ ഭേദഗതിയെ തള്ളി നിയമം പാസാക്കണമെന്നും ജമാൽ ആവശ്യപ്പെട്ടു.
പുതിയ ഭേദഗതി നിയമം തങ്ങൾക്ക് ബാധകമല്ലെന്ന നിയമനിർമാണം നടത്താൻ സർക്കാരിന് അധികാരമുണ്ട്. അങ്ങനെ നിയമനിർമാണം നടത്തി രാഷ്ട്രപതിക്ക് അയയ്ക്കാം. പ്രമേയം പാസാക്കിയ കേരളം ഇതിനെ മറികടക്കാനുള്ള നിയമം നിർമിക്കാനുള്ള ആർജവം കാണിക്കണം.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കോടികൾ വിലമതിക്കുന്ന വസ്തുക്കൾ കൈക്കലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ഭേദഗതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

