Quantcast

'തെരഞ്ഞെടുപ്പിനെ ഇസ്‌ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള ശ്രമം സിപിഎം തിരുത്തണം'; സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ

മുസ്‌ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുൻനിർത്തി സംഘ്പരിവാർ നടത്തുന്ന അതേവംശീയ പ്രചാരണ തന്ത്രങ്ങൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമാണെന്ന് പ്രസ്താവനയിൽ പറയുന്നു

MediaOne Logo
തെരഞ്ഞെടുപ്പിനെ ഇസ്‌ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള ശ്രമം സിപിഎം തിരുത്തണം; സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ
X

കോഴിക്കോട്: തെരഞ്ഞെടുപ്പിനെ ഇസ്ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള ശ്രമം സിപിഎം തിരുത്തണമെന്ന് സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടുക എന്നത് സംഘ്പരിവാർ കാലങ്ങളായി ഇന്ത്യയിലുടനീളം പയറ്റുന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ്. എന്നാൽ, മുസ്‌ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുൻനിർത്തി സംഘ്പരിവാർ നടത്തുന്ന അതേവംശീയ പ്രചാരണ തന്ത്രങ്ങൾ കേരളത്തിൽ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.

വംശീയ ഉന്മൂലനത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവർ, ആ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്‌ലിം സമുദായത്തിലെ സംഘടനകളെ ഭീകരവൽക്കരിക്കുന്നത് ഇസ്ലാമോഫോബിയക്ക് കരുത്തുപകരാൻ മാത്രമേ സഹായിക്കൂ. ഒരു വിമർശനത്തിൽ വംശീയത അടങ്ങിയിട്ടുണ്ടോ എന്നതാണ് അത് ഇസ്ലാമോഫോബിയ ആണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം. 'ഞങ്ങൾ സംഘടനകളെയാണ് വിമർശിച്ചത്' എന്ന കേവല ന്യായീകരണം കൊണ്ട് വംശീയ വിദ്വേഷ പ്രചാരണങ്ങളെ കഴുകിക്കളയാനാവില്ല. ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശവിരുദ്ധതയായും സമുദായങ്ങളുടെ അവകാശ ചോദ്യങ്ങളെ വർഗീയതയായും ചിത്രീകരിക്കുന്നത് വലതുപക്ഷ ശൈലിയാണ്.

കേരളത്തിലെ പ്രബല സമൂഹങ്ങളായ മുസ്‌ലിം - ഈഴവ വിഭാഗങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ആസൂത്രിത ശ്രമങ്ങൾക്ക് ഭരണകൂടവും പാർട്ടിയും മൗനാനുവാദം നൽകുന്ന കാഴ്ചയാണ് നാം കാണുന്നത്. ജമാഅത്തെ ഇസ്ലാമി യുഡിഎഫ് ഭരണത്തിൽ ആഭ്യന്തരവകുപ്പ് കൈയാളുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്റെ പ്രസ്താവന ഇസ്ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുജറാത്തിൽ അഹമ്മദ് പട്ടേൽ ആഭ്യന്തരമന്ത്രിയാകുമെന്ന് പറഞ്ഞ് ബിജെപി നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ കേരള പതിപ്പാണിത്. മാറാട് കലാപത്തിൽ യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ അനാവശ്യമായി വലിച്ചിഴക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും കലാപാഹ്വാനം നടത്താനും മാത്രമേ ഉപകരിക്കൂ.

കേരളത്തിലെ സാമുദായിക സഹവർത്തിത്വത്തെ തകർക്കാൻ സംഘ്പരിവാർ തക്കം പാർത്തിരിക്കുമ്പോൾ, കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായി 'തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന' ഈ സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകർച്ചയ്‌ക്കേ വഴിതെളിക്കൂ. ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ആത്യന്തിക ഗുണഭോക്താക്കൾ സംഘ്പരിവാർ ആയിരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. അതുകൊണ്ട്, കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകർക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് ഇടതുപക്ഷം പിന്തിരിയണം. വികസന രാഷ്ട്രീയത്തെ മുൻനിർത്തിയുള്ള ആരോഗ്യകരമായ സംവാദങ്ങളിലേക്ക് കേരളീയ പൊതുസമൂഹത്തെ നയിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നും സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെടുന്നു.

ഒ.അബ്ദുറഹ്മാൻ, കെ.കെ ബാബുരാജ്, എം.എൻ കാരശ്ശേരി, വി.എം ഇബ്രാഹിം, സുദേഷ് എം. രഘു, എൻ.മാധവൻകുട്ടി, ശിഹാബ് പൂക്കോട്ടൂർ, അഡ്വ. ഷിബു മീരാൻ, ഡോ. ജിന്റോ ജോൺ, എ.എസ് അജിത് കുമാർ, ജോളി ചിറയത്ത്, സജീദ് ഖാലിദ്, ദുൽഖിഫ്ൽ വി.പി, അഡ്വ. അനൂപ് വി.ആർ, അഡ്വ. ഫാത്തിമ തഹ്ലിയ, റമീസ് ഇ.കെ, ഡോ. സാദിഖ് പി.കെ, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, റഷീദ് ഹുദവി ഏലംകുളം, തൗഫീഖ് മമ്പാട്, നഈം ഗഫൂർ എൻ.കെ, ഡോ. ആഷിഖ് ഷൗക്കത്ത്, ഡോ. സുഫിയാൻ അബ്ദുൽസത്താർ, ലാലി പി.എം, ഹർഷദ്, പ്രശാന്ത് ഈഴവൻ, ഡോ. ജെ.ദേവിക, ഡോ. അസീസ് തരുവണ, ഡോ. ആദർശ എ.കെ, അംബിക മറുവാക്ക്, വിനീഷ് സുകുമാരൻ, ഗാർഗ്യൻ സുധീരൻ, ഡോ. വർഷ ബഷീർ, ബാബുരാജ് ഭഗവതി, മൈത്രി പ്രസാദ് - ഏലിയാമ്മ, അസ്ലഹ് കയ്യാലകത്ത്, റിയാസ് ഗസാലി, എ.എം നദ്വി, ഫായിസ കരുവാരക്കുണ്ട്, റാസിഖ് റഹീം, റെൻഷ നളിനി, ബിജു ഗോവിന്ദ്, ഡോ.സുദീപ് മുഹമ്മദ്, മൃദുല ഭവാനി, ഷമീമ സക്കീർ, അഡ്വ. അമീൻ ഹസൻ, അഡ്വ. അബ്ദുൽ വാഹിദ്, കെ.ശിഫാന, ടി. ഇസ്മായിൽ, ഡോ. എ.കെ സഫീർ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

TAGS :

Next Story