ഫയൽ നീക്കത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി
ഫയൽ തട്ടിക്കളിക്കുന്നത് ഒഴിവാക്കും; സ്ഥലംമാറ്റ, സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ കർക്കശമായി തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

ഫയൽ നീക്കത്തിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫയൽ തട്ടിക്കളിക്കുന്നത് ഒഴിവാക്കും. ഇഷ്ടക്കാർക്ക് വേണ്ടി പ്രമോഷൻ നീട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും സ്ഥലംമാറ്റ, സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ കർക്കശമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. ആളില്ലെന്ന കാരണത്താൽ ജനസേവനം മുടങ്ങരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
ഫയൽ നീക്കത്തിലെ നൂലാമാലകൾ ഇനിയും അവസാനിച്ചിട്ടില്ല. മനപൂർവം തടസങ്ങൾ സൃഷ്ടിക്കുന്ന രീതി ഇപ്പോഴുമുണ്ട്. ഫയൽ നീക്കത്തിൽ മാറ്റങ്ങൾ വരുത്തും. ഫയൽ തട്ടിക്കളിക്കുന്ന ശൈലി ഒഴിവാക്കും. ഒരു ഫയലിൽ രണ്ടോ മൂന്നോ തട്ട് മതി. ഇഷ്ടക്കാർക്ക് വേണ്ടി പ്രമോഷനും മറ്റും നീട്ടിക്കൊണ്ടുപോകുന്നുണ്ട്. ചില ഓഫീസുകളിൽ ഇത് നടക്കുന്നുണ്ട്. സൗകര്യപ്രദമായ ഓഫീസുകൾ ചിലർക്കുമാത്രം അവകാശപ്പെട്ടതാണെന്ന നില മാറണം. ഫയൽ തീർപ്പാക്കുന്നതിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. ഫയൽ തീർപ്പാക്കൽ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സിവിൽ സർവീസിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും. ഉദ്യോഗസ്ഥർ ജനങ്ങൾക്ക് വേണ്ടി കർമനിരതരാണെന്ന ചിന്തയുണ്ടാക്കണം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ. ഉദ്യോഗസ്ഥർ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത പൊതുജനങ്ങളിൽനിന്ന് മാറ്റണം. ജീവനക്കാർക്ക് അനുകൂലമായ നിലപാടുകൾ തുടരും. അഴിമതിയടക്കം ഇല്ലാതാക്കുകയായിരിന്നു ലക്ഷ്യം. എന്നാൽ, ചെറിയ ന്യൂനപക്ഷം സിവിൽ സർവീസിന്റെ ശോഭ കെടുത്തുകയാണ്. എന്തുവന്നാലും മാറില്ലെന്ന ചിന്ത ചിലർക്കുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സർക്കാർ ഫണ്ട് അനർഹർക്കു നൽകുന്നതിനു ചിലർ മൂകസാക്ഷിയായി നിൽക്കുന്നു. ഇതും അഴിമതിയുടെ ഗണത്തിൽപെടും. സർക്കാർ സഹായങ്ങൾ അർഹരായവർക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തണം. ജീവനക്കാർക്കും പൊതുജനത്തിനുമിടയിൽ ഏജന്റുമാർ വേണ്ട. സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ജനങ്ങൾക്ക് സൗഹാർദ സമീപനം ഉണ്ടാകണം. ഓഫീസിൽ എത്തുന്നവരോട് മാന്യമായി പെരുമാറണം. പലവിധ കാര്യങ്ങൾക്കായി നിവേദനം നൽകുമ്പോൾ യഥാസമയം മറുപടി നൽകണം. കാര്യകാരണങ്ങൾ സഹിതം മറുപടി നൽകണം. ഇതിനായി ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. ജീവനക്കാർ ജോലി സമയത്ത് സ്ഥലത്തുണ്ടെന്ന് ഉറപ്പാക്കാൻ പഞ്ചിങ് സംവിധാനം കർക്കശമാക്കും. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ സ്ഥലത്തുണ്ടെന്ന് മേലധികാരികൾ ഉറപ്പുവരുത്തണം-പിണറായി വിജയൻ അറിയിച്ചു.
അഞ്ച് വർഷം കൂടുമ്പോഴുള്ള ഭരണമാറ്റങ്ങൾ കേരളത്തിന്റെ മുന്നേറ്റത്തെ ബാധിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം സമാനതകളില്ലാത്തതായിരുന്നു. നിരവധി ദുരന്തങ്ങൾ നേരിടേണ്ടി വന്ന സമയമായിരിന്നു. അതിന്റെ ഒന്നും മുന്നിൽ കേരളം തളർന്നില്ല. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റുകയാണ് ലക്ഷ്യം. 25 വർഷം കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ജീവിതനിലവാരം ഉയർത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Adjust Story Font
16

