Quantcast

'വിദ്യാർഥി കൺസെഷൻ അവകാശം, ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വം'; ഇടതുപക്ഷ മന്ത്രിക്കെതിരെ വിമർശനവുമായി എസ്.എഫ്.ഐ

അഭിപ്രായം ഇടതുപക്ഷ ഗവൺമെന്റിന്റെ വിദ്യാർഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കുമെന്നും തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-03-13 12:48:22.0

Published:

13 March 2022 10:53 AM GMT

വിദ്യാർഥി കൺസെഷൻ അവകാശം, ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വം; ഇടതുപക്ഷ മന്ത്രിക്കെതിരെ വിമർശനവുമായി എസ്.എഫ്.ഐ
X

സംസ്ഥാനത്തെ വിദ്യാർഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ വാക്കുകൾ പ്രതിഷേധാർഹമാണെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, എം.എൽ.എ കൂടിയായ സെക്രട്ടറി അഡ്വ:കെ.എം സച്ചിൻ ദേവ് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെന്റിന്റെ വിദ്യാർഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കുമെന്നും ഇത്തരം പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നവെന്നും അതിനാൽ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


വിദ്യാർഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീർത്തും അപഹാസ്യമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ് വിമർശിച്ചിരുന്നു. നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് വേളകളിൽ വിദ്യാർഥികളോട് സംവദിച്ചവർക്ക്, ഇന്ന് അവർ നൽകുന്ന നാണയ തുട്ട് പോലും നാണക്കേട് ആയെന്നും വിദ്യാർഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. അഞ്ച് രൂപ കൊടുത്താൽ വിദ്യാർഥികൾ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ ഫീ വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൺസഷൻ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയിൽ നിരക്ക് വർധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. ബസ് ചാർജ് വർധന ഉണ്ടാകും, എന്നാൽ എന്ന് നടപ്പാക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബസ് ചാർജ് വർധന ഗൗരവമായ കാര്യമായതിനാൽ എടുത്തുചാടിയുള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിച്ചത് 10 വർഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികളുടെ സാമ്പത്തികാവസ്ഥയെയും യാത്രാ അവകാശത്തെയും പരിഹസിച്ചു കൊണ്ട് ഗതാഗത മന്ത്രി ആന്‍റണി രാജു നടത്തിയ പ്രസ്താവന അപഹാസ്യമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആക്ടിങ്ങ് പ്രസിഡന്‍റ് ഷെഫ്രിന്‍ കെ.എം പറഞ്ഞിരുന്നു. ബസുടമകളുടെ പ്രതിസന്ധി വിദ്യാർഥികളുടെ തലയിൽ കെട്ടിവക്കാനാണ് സർക്കാരിൻ്റെ തീരുമാനം എങ്കിൽ അതിനെ തെരുവിൽ ചോദ്യം ചെയ്യാനും സർക്കാരിനെ തിരുത്തിക്കാനും വിദ്യാർഥി സമൂഹത്തിന് അറിയാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"വിദ്യാർഥികളുടെ യാത്രാ കൺസെഷൻ നിരക്ക് ചർച്ച ചെയ്യുന്നതിനായി മന്ത്രി ആൻ്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ ഫ്രറ്റേണിറ്റിയുടെ അഭിപ്രായം വളരെ കൃത്യമായി അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.അവിടെ അത് തലകുലുക്കി കേട്ട മന്ത്രി ഇന്ന് വിദ്യാർഥികളുടെ സാമ്പത്തിക അവസ്ഥയെയും യാത്രാ അവകാശത്തെയും പരിഹസിച്ചു കൊണ്ട് നടത്തിയ പ്രസ്താവന അപഹാസ്യമാണ്. സാധാരണക്കരുടെയും കർഷക തൊഴിലാളികളുടെയും വിയർപ്പ് ഒഴുക്കി അധികാരത്തിൽ വന്നു എന്ന് അവകാശവാദം പറയുന്ന ഒരു സർക്കാരിൻ്റെ ഭാഗമായിട്ടാണ് മന്ത്രി ആൻ്റണി രാജു ഇത്തരം നിരുത്തരവാദപരമായ പ്രസ്താവന നടത്തുന്നത്" -ഷെഫ്രിന്‍ കെ.എം പറഞ്ഞു.

വിദ്യാർഥികളുടെ കൺസഷൻ തുക വർദ്ധിപ്പിക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് വിദ്യാർഥി ജനത കേരള സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു. യാത്ര സൗജന്യമാക്കുവാനുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്നും അവർ പറഞ്ഞു.

'Student Concession Right, Minister of Transport's opinion immature'; SFI criticizes Left minister

TAGS :

Next Story