അറപ്പുളവാക്കുന്ന സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സിപിഎം നേതാവിനെതിരെ കേസെടുക്കണം: സുഹ്റ മമ്പാട്
അറപ്പുളവാക്കുന്ന സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.വി സയ്യിദ് അലി മജീദിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സുഹ്റ മമ്പാട് പറഞ്ഞു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ വനിതകളെ മ്ലേച്ഛമായ രീതിയിൽ അധിക്ഷേപിച്ചും വനിതാ ലീഗിനെ തെറിപറഞ്ഞും മലപ്പുറം തെന്നലയിൽ സിപിഎം നേതാവ് പരസ്യമായി രംഗത്തുവന്നത് ആ പാർട്ടിയുടെ ജീർണതയും സ്ത്രീവിരുദ്ധ മനോഭാവവുമാണ് തെളിയിക്കുന്നതെന്ന് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്. കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ വോട്ടിന് വേണ്ടി കാഴ്ചവക്കരുതെന്ന അറപ്പുളവാക്കുന്ന പൊതുജന മധ്യത്തിലെ പരാമർശത്തിൽ സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.വി.സയ്യിദ് അലി മജീദിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
അന്യ ആണുങ്ങളുടെ മുന്നിൽപ്പോയി ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെക്കാനുള്ളതല്ല എന്ന് ഓർമപ്പെടുത്തുകയാണെന്നും, തങ്ങളൊക്കെ മക്കളെക്കൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ടെന്നും പ്രായപൂർത്തിയായ മക്കൾ വീട്ടിലുണ്ടെന്നും അവരൊക്കെ തങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭർത്താക്കന്മാരുടെകൂടെ അന്തിയുറങ്ങാനുമാണ് തുടങ്ങി സിപിഎം നേതാവ് മൈക്കിലൂടെ വിളിച്ചു പറയുമ്പോൾ പ്രബുദ്ധ കേരളമാണ് നാണിച്ച് തലതാഴ്ത്തുന്നത്. സിപിഎം നേതാവിന്റെ ഇത്തരം ജൽപനങ്ങളെ കുറിച്ച് മഹിളാ നേതാക്കൾ അഭിപ്രായം വ്യക്തമാക്കണം.
നാണവും മാനവും സ്ത്രീത്വത്തോട് അൽ്പ്പമെങ്കിലും മാന്യതയുമുണ്ടെങ്കിൽ ആ നേതാവിനെതിരെ കേസെടുത്ത് ജയിലിലടക്കാനും പാർട്ടിയിൽ നിന്ന്് പുറത്താക്കാനും പിണറായിയും അദ്ദേഹത്തിന്റെ സർക്കാറും തയ്യാറാവണം. കാലത്തിനനുസരിച്ച് വനിതകളെ പരിഗണിച്ചും മാന്യമായ പൊതുപ്രവർത്തനത്തിന് അവസരം നൽകിയും മുസ്്ലിം ലീഗ് നേതൃത്വം നേരായ വഴി സ്വീകരിക്കുമ്പോൾ സിപിഎമ്മുകാർ അവരുടെ വനിതകളെ കൂച്ചുവിലങ്ങിടുക മാത്രമല്ല, വനിതാ ലീഗിനെ അവഹേളിക്കാനുമാണ് ശ്രമിക്കുന്നത്. അത്തരം ഭീഷണികളെ തള്ളിക്കളഞ്ഞ് വനിതാ ലീഗ് മുന്നോട്ടു പോകുമെന്നും സുഹ്്റ മമ്പാട് വ്യക്തമാക്കി.
Adjust Story Font
16

