'ഒരുപാട് അന്വേഷിച്ചിട്ടും ജോലി കിട്ടുന്നില്ല, വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ല'; ഏറ്റുമാനൂരിൽ ജീവനൊടുക്കിയ ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്
സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ നിര്‍ണായക ശബ്ദസന്ദേശം പുറത്ത്. മരിച്ച ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദമാണെന്ന് വെളിവാക്കുന്ന യുവതിയുടെ ശബ്ദസന്ദേശം മീഡിയവണിന് ലഭിച്ചു. സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
പല തവണ ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തതിൽ മനോവിഷമത്തിലാക്കി. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടിൽ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റലിൽ നിർത്തിയിട്ട് എവിടേലും ജോലിക്ക് പോകണം. വിദേശത്തേക്ക് പോകണമെങ്കിലും എക്സിപീരിയൻസ് വേണം. വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നു.
'' നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാന്‍ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വര്‍ഷം എക്‌സിപിരിയന്‍സ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിരുന്നു. അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോള്‍ നാട്ടില്‍ വന്നിട്ടുണ്ട്. ഈ ലെറ്റര്‍ പോലും അവര്‍ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസണ്‍ എന്ന് എനിക്ക് അറിയില്ല. വക്കീല്‍ ഇനി ഏപ്രില്‍ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട്'' . സന്ദേശത്തില്‍ ഷൈനി പറയുന്നു.
ഷൈനിയും രണ്ട് പെൺകുട്ടികളും ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് നോബി കുര്യാക്കോസിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈനിയുടെയും മക്കളുടെയും മൃതദേഹം കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികൾ എന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഹോൺ അടിച്ചിട്ടും മാറിയില്ലെന്നും മൂന്ന് പേരും കെട്ടിപ്പിടിച്ച് ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നും ലോക്കോപൈലറ്റ് പറഞ്ഞിരുന്നു.
ഷൈനിയും നോബിയും 9 മാസമായി അകന്ന് കഴിയുകയായിരുന്നു. കോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് ആത്മഹത്യ. പുലർച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. ഏറ്റുമാനൂർ ഹോളി ക്രോസ്സ് സ്കൂളിലെ അഞ്ച്, ആറ് ക്ലാസ് വിദ്യാർഥികളാണ് മരിച്ച അലീനയും ഇവാനയും.
Adjust Story Font
16

