ആവശ്യത്തിന് പൊലീസില്ല; സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനൽ മത്സരം മാറ്റിവെച്ചു
തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്

തൃശൂർ: പൊലീസ് നിർദേശത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനൽ മത്സരം മാറ്റിവെച്ചു. ഇന്ന് രാത്രി 7:30ന് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കേണ്ട തൃശൂർ മാജിക് എഫ്സി - മലപ്പുറം എഫ്സി മത്സരം മാറ്റിവയ്ക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകിയിരുന്നു.
മത്സരത്തിൽ പങ്കാളികളാവരുതെന്ന് ടീമുകൾക്ക് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ കത്ത് നൽകി. തദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കഴിഞ്ഞ് മറ്റൊരു ദിവസം മത്സരം സംഘടിപ്പിക്കണമെന്നും നിർദേശം. തദേശ തെരഞ്ഞെടുപ്പിന് ഒപ്പം ശബരിമല ഡ്യൂട്ടി കൂടി ഉള്ളതുകൊണ്ട് ആവശ്യത്തിന് സേനയെ വിന്യസിക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു.
തുടർന്നാണ് മത്സരം മാറ്റിവെക്കാനുള്ള നിർദേശം പുറപ്പെടുവിച്ചത്. നിർദേശം മറികടന്ന് മത്സരം നടത്തിയാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. സംഘാടകരായ സൂപ്പർ ലീഗ് കേരള, തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ് സി ടീമുകൾക്ക് പൊലീസ് കത്തു നൽകിയിട്ടുണ്ട്. പത്താം തീയതി നടക്കാനിരുന്ന കാലിക്കറ്റ് എഫ്‌സി കണ്ണൂർ വാരിയേഴ്സ് രണ്ടാം സെമി മത്സരവും മാറ്റി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
Adjust Story Font
16

