'സ്ഥിരം വി സിമാർ വേണം,സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണം'; സുപ്രിംകോടതി
താല്‍ക്കാലിക വി സിമാര്‍ക്ക് തുടരാമെന്നും കോടതി

ന്യൂഡല്‍ഹി: വൈസ് ചാന്‍സിലര്‍ നിയമനത്തിൽ ഇടപെട്ട് സുപ്രിംകോടതി.ഉടൻ സ്ഥിരം വിസിമാരെ നിയമിക്കണമെന്നും അതുവരെ താൽക്കാലിക വി സിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. അതിനായി ഗവർണർ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിർദേശം നല്‍കി. കെ ടി യു , ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വി സിമാർക്ക് തുടരാമെന്നാണ് സുപ്രിംകോടതി അറിയിച്ചത് .സ്ഥിരം വിസി നിയമനത്തിന് സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, വൈസ് ചാൻസിലർ , സിൻഡിക്കേറ്റ് രാഷ്ട്രീയ പോരിനിടെ വിദ്യാർഥി യൂണിയൻ ഫണ്ട് തടഞ്ഞുവെച്ച് കേരള വി സി മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർ ഒപ്പിട്ടെന്ന പേരിലാണ് വിസിയുടെ നടപടി.രജിസ്ട്രാർ കെ എസ് അനിൽകുമാറിന് ഫയലുകൾ കൈമാറിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വി.സി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പും നൽകി.
കേരള സർവകലാശാല സെനറ്റ് ഹാളിലെ കാവി കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കഴിഞ്ഞ ജൂലൈ 2 നാണ് രജിസ്ട്രാർ കെ എസ് അനിൽ കുമാറിനെ വി സി സസ്പെൻഡ് ചെയ്തത്. പിന്നാലെ അനിൽകുമാർ കോടതിയെ സമീപിച്ചെങ്കിലും സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കി.. എന്നാൽ സിൻഡിക്കേറ്റ് തീരുമാനം അംഗീകരിക്കാത്ത വി സി അനിൽ കുമാറിനെതിരെ കടുത്ത നടപടികൾ തുടരുകയാണ്.
അനിൽകുമാർ വഴി അയച്ച യൂണിവേഴ്സിറ്റി യൂണിയൻ പ്രവർത്തന ഫണ്ട് പാസാക്കാനുള്ള ഫയലും മോഹനൻ കുന്നുമ്മൽ തള്ളി. പകരം മിനി കാപ്പൻ്റെ ശുപാർശയോടെ വീണ്ടും അപേക്ഷ നൽകാൻ നിർദേശം നൽകി. യൂണിയന്റെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന അപേക്ഷയാണ് തിരിച്ചയത്.
ഭരണ പ്രതിസന്ധി തുടരുന്ന കേരളയിൽ ഫണ്ട് അനുവദിച്ചില്ലെങ്കിൽ യൂണിയൻ പ്രവർത്തനങ്ങളും അവതാളത്തിലാകും. സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ആവശ്യത്തോടും വിസി മുഖം തിരിഞ്ഞ് നിൽക്കുകയാണ്. യോഗം സെപ്റ്റംബർ ആദ്യവാരത്തിൽ വിളിക്കാനാണ് പുതിയ തീരുമാനം. സർവകലാശാല ചട്ടപ്രകാരം രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരണം. എന്നാൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം എന്ന വ്യവസ്ഥ ചട്ടങ്ങളിൽ ഇല്ല എന്നാണ് മോഹനൻ കുന്നുമ്മലിൻ്റെ വാദം.
അതുകൊണ്ട് ജൂലൈ 6 ന് ചേർന്ന യോഗം കണക്കാക്കിയാണ് മോഹനൻ കുന്നുമ്മലിന്റെ നീക്കം. താൻ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ ഓഫീസിൽ ഹാജരാകുന്നത് അവസാനിപ്പിച്ചാൽ യോഗം വിളിച്ച് ചേർക്കാമെന്നുമാണ് വിസിയുടെ നിലപാട്. ഇതിനിടയിൽ രജിസ്ട്രാർ അനിൽകുമാറിന് ഫയൽ നൽകരുതെന്ന് ചൂണ്ടിക്കാണിച്ച് വി സി ജീവനക്കാർക്ക് കഴിഞ്ഞദിവസം ഔദ്യോഗിക നോട്ടീസും നൽകി. ഫയൽ കൈമാറിയാൽ ചട്ടലംഘനമായി കണക്കാക്കുമെന്നും അച്ചടക്ക നടപടി കൈക്കൊള്ളുമെന്നുമാണ് ഉദ്യോഗസ്ഥർക്ക് വി സിയുടെ മുന്നറിയിപ്പ്.
Adjust Story Font
16

