അതിജീവിതയെ അധിക്ഷേപിച്ച കേസ്; ദീപ ജോസഫിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം, ഹരജി തള്ളി
ഒരു പുരുഷനാണ് ഈ പരാമർശം നടത്തിയത് എങ്കിൽ ഉടൻ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും കോടതി

ന്യൂഡൽഹി:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ് റദ്ദാക്കണമെന്ന ദീപ ജോസഫിൻ്റെ ഹരജി സുപ്രിംകോടതി തള്ളി. കോടതിയുടെ രൂക്ഷ വിമർശനമാണ് ദീപ ജോസഫ് നേരിട്ടത്.
പ്രാക്ടീസ് ചെയ്യുന്ന വനിത അഭിഭാഷക എന്ന നിലയിൽ പ്രയോഗിക്കാൻ കഴിയുന്ന വാക്കുകളാണോ പ്രയോഗിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. പുരുഷനാണ് ഈ പരാമർശം നടത്തിയത് എങ്കിൽ ഉടൻ അറസ്റ്റ് ചെയ്യുമായിരുന്നു. സ്ത്രീയെന്ന നിലയിലാണ് പരിഗണന ലഭിക്കുന്നത് എന്നും കോടതി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പബ്ലിക് അഡ്വക്കേറ്റ് ആണോ ദീപ ജോസഫെന്നും കോടതി ചോദിച്ചു.
അതിജീവിതയുടെ ഭർത്താവ് സ്വകാര്യമായി പങ്കുവെച്ച വിവരങ്ങളാണ് ദീപ പരസ്യമാക്കിയത്. എന്നാൽ അധിക്ഷേപിക്കുന്ന തരത്തിൽ ഒന്നും പറഞ്ഞിട്ടില്ലയെന്ന് ദീപ കോടതിയെ അറിയിച്ചു. ഭർത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്ന് കോടതി ചോദിച്ചു. ഹരജി തള്ളിയ സുപ്രിംകോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു.
അഭിഭാഷക ദീപ ജോസഫ് നൽകിയ റിട്ട് ഹരജിയിൽ അതിജീവിത തടസഹരജി ഫയൽ ചെയ്തിരുന്നു. അഡ്വ. കെ. ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ ഹരജി ഫയൽ ചെയ്തത്. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദീപ ജോസഫ് സുപ്രിംകോടതിയെ സമീപിച്ചത്. ദീപ ജോസഫിന്റെ ഹരജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16

