'ഇനിയും ഇതുപോലെ വേലായുധൻ ചേട്ടന്മാരെ അങ്ങോട്ടയക്കും, പാർട്ടി തയ്യാറെടുത്ത് ഇരുന്നോളൂ'; നിവേദനം സ്വീകരിക്കാത്തത്തില്‍ ന്യായീകരണവുമായി സുരേഷ് ഗോപി
തൃശൂരിൽ വയോധികന്റെ വീടാവശ്യത്തിനുള്ള നിവേദനം സ്വീകരിക്കാത്തത് ഏറെ വിവാദമായിരുന്നു

തൃശൂര്‍: തൃശൂരിൽ വയോധികന്റെ വീടാവശ്യത്തിനുള്ള നിവേദനം സ്വീകരിക്കാത്തതിൽ ന്യായീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'ഇനിയും ഇതുപോലെ വേലായുധൻ ചേട്ടന്മാരെ അങ്ങോട്ടയക്കും. പാർട്ടി തയ്യാറെടുത്ത് ഇരുന്നോളൂ. ഞാനൊരു ലിസ്റ്റ് അങ്ങോട്ട് പ്രഖ്യാപിക്കും.ആർജവും ചങ്കൂറ്റവും കാണിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
'കൊച്ചുവേലായുധൻ ചേട്ടന് വീടുകിട്ടിയതിൽ സന്തോഷം.അദ്ദേഹത്തിന്റെ നിവേദം നിരസിച്ചത് കൈപ്പഴിയാണെന്നും അദ്ദേഹം പറഞ്ഞു.14 ജില്ലകളിലേക്കും പോകുന്നുണ്ട്.അത് തടയാൻ ആർക്കും കഴിയില്ല.ഒരു ജനപ്രതിനിധി എന്ന നിലക്ക് എന്റെ അവകാശമാണ്.തന്റെ അധികാര പരിധിയിൽ വെച്ച് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കൊടുങ്ങല്ലൂരിൽ ഇന്ന് രാവിലെ നടന്ന കലുങ്ക് വികസന സംവാദത്തിലാണ് പ്രതികരണം.
തൃശൂർ പുള്ള് സ്വദേശി കൊച്ചു വേലായുധന്‍റെ നിവേദനം സ്വീകരിക്കാത്ത വിഷയത്തിൽ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലും സുരേഷ് ഗോപി ന്യായീകരിച്ചിരുന്നു. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ നൽകാറില്ല. പൊതുപ്രവർത്തനമായി തനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ത് ചെയ്യാൻ കഴിയില്ല എന്ന ബോധ്യമുണ്ട്. മറ്റൊരു പാർട്ടി കൊച്ചു വേലായുധന് വീട് വെച്ച് നൽകുന്നു എന്നതിൽ സന്തോഷമുണ്ട്. താൻ സിസ്റ്റത്തിൽ നിന്ന് പ്രവർത്തിക്കുന്ന ആളാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ. കഴിഞ്ഞ രണ്ട് കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു. ആളുകള്‍ ഞാന്‍ കാരണമെങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ. ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്‍റെ വിശ്വാസമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സുരേഷ് ഗോപി നിവേദനം വാങ്ങാത്തത് വലിയ വേദനയായെന്ന് കൊച്ചു വേലായുധൻ മീഡിയവണിനോട് പ്രതികരിച്ചിരുന്നു. വീട് വെക്കാൻ സഹായത്തിനാണ് മന്ത്രിയെ കാണാൻ പോയത്. വായിക്കാതെ, വാങ്ങാതെ മടക്കിവിടുമെന്ന് കരുതിയില്ല. മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് അവിടെത്തന്നെ മൈക്കിൽ പ്രസംഗിക്കണം എന്ന് കരുതിയതാണ്. അത് ചെയ്തില്ലെന്നും കൊച്ചു വേലായുധൻ പറഞ്ഞു.
Adjust Story Font
16

