'സുരേഷ് ഗോപി നിവേദനം വാങ്ങാത്തത് വല്യ സങ്കടായി, മൈക്ക് വാങ്ങി വിളിച്ചുപറയണമെന്നുണ്ടായിരുന്നു'; കൊച്ചുവേലായുധന്‍
വീടുവയ്ക്കാൻ സഹായത്തിനാണ് കേന്ദ്ര മന്ത്രിയെ കാണാൻ പോയതെന്നും കൊച്ചുവേലായുധന്‍ മീഡിയവണിനോട് പറഞ്ഞു

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാത്ത സംഭവം വലിയ വേദന ഉണ്ടാക്കിയെന്ന് പുള്ള് സ്വദേശി കൊച്ചു വേലായുധൻ. വീടുവയ്ക്കാൻ സഹായത്തിനാണ് കേന്ദ്ര മന്ത്രിയെ കാണാൻ പോയത്.വായിക്കാതെ, വാങ്ങാതെ മടക്കി വിടുമെന്ന് താൻ കരുതിയില്ല. മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് അവിടെത്തന്നെ മൈക്കിൽ പ്രസംഗിക്കണം എന്ന് കരുതിയതാണ്. അത് ചെയ്തില്ലെന്നും കൊച്ചു വേലായുധൻ പറഞ്ഞു.
'വേറൊരാളും അപേക്ഷ കൊടുക്കാനുണ്ടായിരുന്നു. ഞാനൊന്നും മിണ്ടാൻ പോയില്ല. എന്നെ മടക്കി അയച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ആളും അപേക്ഷ കൊടുത്തില്ല. എനിക്ക് മൈക്ക് വാങ്ങി പറയണമെന്നുണ്ടായിരുന്നു.പറയാനൊക്കെ എനിക്കുമറിയാം. വീട് വേണം, കിടക്കാൻ സ്ഥലമില്ല.ഓപ്പറേഷൻ കഴിഞ്ഞിട്ട് രണ്ടുകൊല്ലമായി. അത് മാത്രമായിരുന്നു നിവേദനത്തിലുണ്ടായിരുന്നത്'. കൊച്ച് വേലായുധന്‍ മീഡിയവണിനോട് പറഞ്ഞു.
തൃശ്ശൂര്‍ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലയില്‍ നടന്ന 'കലുങ്ക് സൗഹാര്‍ദ വികസന സംവാദ'ത്തിലാണ് സുരേഷ് ഗോപി നിവേദനം വാങ്ങാതെ തിരിച്ചയച്ചത്.'ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ' എന്ന് പറഞ്ഞാണ് സുരേഷ് ഗോപി കൊച്ചുവേലായുധനെ മടക്കിയത്. ഇതിന്‍റെ വിഡിയോയും സോഷ്യല്‍മീഡിയയയില്‍ വൈറലായിരുന്നു.
രണ്ടുവർഷം മുമ്പ് തെങ്ങ് വീണാണ് ഇദ്ദേഹത്തിന്‍റെ വീട് തകർന്നത്. വീട് നിർമിക്കാൻ സുമനസ്സുകൾ സഹായിക്കും എന്ന് കരുതുന്നതായും കൊച്ചു വേലായുധൻ.
Adjust Story Font
16

