Quantcast

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍, കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് രാഹുലിന്‍റെ വാദം

MediaOne Logo

Web Desk

  • Updated:

    2025-12-03 01:10:41.0

Published:

2 Dec 2025 8:52 PM IST

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍, കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്
X

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന അതിജീവിതയുടെ പരാതിയിൽ നേമം പൊലീസ് കേസെടുത്ത കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി എന്ന കുറ്റത്തിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. തനിക്കെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നാണ് രാഹുലിന്റെ വാദം. അതിജീവിതയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും രാഹുല്‍ ഹരജിയില്‍ അവകാശപ്പെട്ടു. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിജീവിതയുടെ പേര് പരാമര്‍ശിക്കുകയോ ചിത്രങ്ങള്‍ താന്‍ പങ്കുവെക്കുകയോ ചെയ്തിട്ടില്ല. പരാതിക്കാരിയെ അപകീർത്തിപ്പെടുത്താനോ വ്യക്തിഹത്യ നടത്താനോ താൻ ഉദ്ദശിച്ചിട്ടില്ല. എംഎൽഎയ്ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വസ്തുതകളെയാണ് താൻ വിമർശിച്ചത്. തന്റെ വീഡിയോകളൊന്നും പരിശോധിക്കാതെയാണ് എസിജെഎം കോടതി ജാമ്യം നിഷേധിച്ചത്. പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചതെന്നും രാഹുല്‍ ഈശ്വര്‍ അപേക്ഷയില്‍ പറഞ്ഞു. ഹൈക്കോടതി അഭിഭാഷകന്‍ അലക്‌സ് കെ. ജോണ്‍ മുഖേനയാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്.

ലൈംഗിക ചുവയുള്ള ഒരു പരാമർശവും അതിജീവിതയ്ക്കെതിരെ താൻ നടത്തിയിട്ടില്ലെന്നും രാഹുൽ ജാമ്യ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരമൊരു പരാമർശം നടത്തിയതിന് യാതൊരു തെളിവുമില്ല. ഈ വസ്തുതകൾ പരിശോധിക്കാതെയും വീഡിയോ വിശദമായി കാണാതെയുമാണ് അഡീഷണൽ ചീഫ് ജുഡീഷണൽ മജിസ്ട്രേറ്റിന്റെ നടപടി എന്നും ജാമ്യാപേക്ഷയിൽ ഉണ്ട്. ഹരജി നാളെ തന്നെ പരിഗണിക്കാൻ കോടതിയിൽ ആവശ്യപ്പെടുമെന്ന് അഭിഭാഷകൻ അലക്സ് കെ ജോൺ മീഡിയവണിനോട് പറഞ്ഞു

രാഹുലിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എസിജെഎം കോടതിയിലാണ് പൊലീസ് അപേക്ഷ നല്‍കിയത്. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് പൂര്‍ത്തിയാക്കാനുണ്ടെന്നും അപേക്ഷയിലുണ്ട്. കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ അതിജീവിതയെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ജയിലില്‍ നിന്ന് രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. നിരാഹാരം തുടരുന്നതിനാലാണ് നടപടി.

TAGS :

Next Story