പ്രണയിക്കുന്ന യുവതിയെ മനഃപൂർവം കാറിടിച്ചു വീഴ്ത്തി, പിന്നാലെ രക്ഷകനായെത്തി; ഒടുവില്‍ നരഹത്യാശ്രമത്തിന് യുവാവും സുഹൃത്തും അറസ്റ്റില്‍
അപകടമുണ്ടാക്കിയ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാടകം പൊളിഞ്ഞത്

പത്തനംതിട്ട: പത്തനംതിട്ട വാഴമുട്ടത്ത് യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടാൻ മനഃപൂർവം വാഹനാപകടമുണ്ടാക്കിയ യുവാവും സുഹൃത്തും അറസ്റ്റില്‍.കോന്നി മാമൂട് സ്വദേശി രഞ്ജിത്ത് രാജൻ, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്.
ഡിസംബർ 23നാണ് സ്കൂട്ടറിൽ വന്ന യുവതിയെ അജാസ് മനഃപൂർവം കാറിടിച്ചു വീഴ്ത്തിയത്.അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി.പിന്നാലെ കാറില്‍ എത്തിയ രഞ്ജിത്ത് യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. താൻ യുവതിയുടെ ഭർത്താവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവാവ് രക്ഷാപ്രവർത്തനം നടത്തിയത്.
എന്നാൽ അപകടമുണ്ടായതിന് തൊട്ടുപിന്നാലെ രഞ്ജിത് സ്ഥലത്തെത്തിയതിൽ പൊലീസിന് സംശയം തോന്നിയിരുന്നു.അപകടമുണ്ടാക്കിയ കാർ ഓടിച്ചയാളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. അപകടമുണ്ടാക്കിയ വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാടകം പൊളിഞ്ഞത്. യുവതിയുടെ വീട്ടുകാരുടെ മതിപ്പ് നേടാൻ യുവാവും സുഹൃത്തും വാഹനാപകടം ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. അപകടത്തിൽ യുവതിയുടെ കൈവിരലിന് പൊട്ടലുണ്ട്. അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ നരഹത്യാശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Adjust Story Font
16

