Quantcast

'ഷാജി കിരൺ വന്നത് വന്നത് യുപി രജിസ്‌ട്രേഷനുള്ള ടൊയോട്ടയിൽ, ഒത്തുതീർപ്പിന് വഴങ്ങണം എന്നാവശ്യപ്പെട്ടു'; ജാമ്യഹർജിയിൽ സ്വപ്‌ന

"മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വിദേശത്തുള്ള നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് എന്നാണ് പറഞ്ഞത്"

MediaOne Logo

Web Desk

  • Updated:

    2022-06-09 10:08:58.0

Published:

9 Jun 2022 6:56 AM GMT

ഷാജി കിരൺ വന്നത് വന്നത് യുപി രജിസ്‌ട്രേഷനുള്ള ടൊയോട്ടയിൽ, ഒത്തുതീർപ്പിന് വഴങ്ങണം എന്നാവശ്യപ്പെട്ടു; ജാമ്യഹർജിയിൽ സ്വപ്‌ന
X

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായതായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്ന ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിലാണ് സ്വപ്ന സുരേഷിന്റെ ഗുരുതര ആരോപണങ്ങൾ. മുഖ്യമന്ത്രിക്ക് പുറമേ, ഭാര്യ കമല, മകൾ വീണ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഐഎഎസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, എം ശിവശങ്കർ എന്നിവർക്കെതിരെയും ആരോപണങ്ങളുണ്ട്. രാജ്യദ്രോഹ പ്രവർത്തനത്തിനായി ഇവർ തങ്ങളെ ഉപയോഗിച്ചു എന്നാണ് സ്വപ്‌ന പറയുന്നത്.

ഷാജി കിരണിനെ കുറിച്ച് ഹര്‍ജിക്കാരായ സ്വപ്‌നയും സരിത്തും പറയുന്നതിങ്ങനെ;

'ബുധനാഴ്ച ഒന്നരയോടെ ഷാജി കിരൺ പാലക്കാട്ടെ തങ്ങളുടെ ഓഫീസിലെത്തി. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും അടുത്തയാളാണ് ഇയാൾ എന്നാണ് പരിചയപ്പെടുത്തിയത്. കെ.പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ ഓഫ് ഏഷ്യ ഡയറക്ടർമാരിൽ ഒരാളായ ഇദ്ദേഹം മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും വിദേശത്തുള്ള നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് എന്നാണ് പറഞ്ഞത്. ആർഎസ്എസും ബിജെപിയും പറഞ്ഞത് അനുസരിച്ചാണ് മൊഴി നൽകിയതെന്ന് പറയണം. 164 മൊഴിയിൽ നൽകിയ കാര്യങ്ങൾ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ വരുന്നതെന്നും ഷാജി കിരണ്‍ അറിയിച്ചു. UP-41 R 0500 രജിസ്‌ട്രേഷൻ നമ്പറുള്ള ടൊയോട്ട വാഹനത്തിലാണ് അയാള്‍ വന്നത്. പരാതി പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. പുറംലോകം കാണുമെന്നും ദീർഘകാലം ജയിലിൽ കഴിയേണ്ടി വരുമെന്നും മകൻ ഒറ്റയ്ക്കാകുമെന്നും പറഞ്ഞു. ക്രിമിനൽ നടപടിച്ചട്ടത്തിലെ വകുപ്പ് 164 പ്രകാരം നൽകിയ മൊഴിയിലെ കാര്യങ്ങൾ സത്യമല്ലെന്ന് പറയാൻ അദ്ദേഹം നിർബന്ധിച്ചു. വ്യാഴാഴ്ച പത്തു മണി വരെയാണ് അതിനുള്ള സമയം നൽകിയത്. ഷാജി കിരണുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കൈവശമുണ്ട്.'

ജാമ്യാപേക്ഷയിലെ ആറാമത്തെയും ഏഴാമത്തെയും വിഷയമായാണ് സ്വപ്‌ന ഇക്കാര്യങ്ങൾ പറയുന്നത്. കേന്ദ്ര ഏജൻസികളോട് ഇക്കാര്യങ്ങൾ പറയാതിരിക്കാൻ കടുത്ത സമ്മർദമുണ്ടായെന്നും അവർ അവകാശപ്പെടുന്നു. തന്റെ രഹസ്യമൊഴിയിൽ തുടർനടപടിയെടുക്കാതെ കസ്റ്റംസ് പൂഴ്ത്തിയെന്നും അവർ ആരോപിച്ചു.

അതേസമയം, കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എഡിജിപിയാകും നേതൃത്വം നല്‍കുക. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്‌ഐആറിൽ പരാമർശമുണ്ട്.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചു സമഗ്രമായി അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത് വ്യക്തമാക്കി. ഗൂഢാലോചനയെക്കുറിച്ചു പരിശോധിക്കും. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും അനിൽ കാന്ത് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണു വിലയിരുത്തലെന്ന് എഡിജിപി വിജയ് സാഖറെ പ്രതികരിച്ചു.

TAGS :

Next Story