Quantcast

മാനവ സ്നേഹം വിളിച്ചോതി കൊല്ലത്ത് സാദിഖലി തങ്ങളുടെ ആരാധനാലയ സന്ദർശനം

ക്ഷേത്ര ഭാരവാഹികളും ചർച്ച് ഭാരവാഹികളും സ്നേഹോഷ്മളമായ സ്വീകരണമാണ് നൽകിയത്

MediaOne Logo

Web Desk

  • Published:

    17 Jan 2025 7:23 PM IST

sadikali thangal
X

കൊല്ലം: മതസൗഹാർദ സന്ദേശവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കൊല്ലം ജില്ലയിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു. തേവലക്കരയിൽ എത്തിയ തങ്ങൾ ഹിന്ദു, ക്രിസ്ത്യൻ, ഇസ്‌ലാം മത ആരാധനാലയങ്ങൾ സന്ദർശിച്ചു. തങ്ങളുടെ സാന്നിധ്യത്താൽ മാനവ മൈത്രിക്ക് പേര് കേട്ട തേവലക്കര ഒരിക്കൽ കൂടി മൈത്രിയുടെ കരയിൽ കൈകോർത്തു. തേവലക്കര മേജർ ദേവീ ക്ഷേത്രവും മർത്തമറിയം ഓർത്തഡോക്സ് ചർച്ചും അദ്ദേഹം സന്ദർശിച്ചു.

തേവലക്കര ചാലിയത്ത് മുസ്‌ലിം ജമാഅത്തിന്റെ നവീകരിച്ച മസ്ജിദ് ഉദ്ഘാടനം നിർവഹിക്കാനെത്തിയ സാദിഖലി തങ്ങൾക്ക് ക്ഷേത്ര ഭാരവാഹികളും ചർച്ച് ഭാരവാഹികളും സ്നേഹോഷ്മളമായ സ്വീകരണമാണ് നൽകിയത്.

പാലക്കൽ കൂഴംകുളം ജുമാമസ്ജിദിന് സമീപത്തുനിന്നും തുറന്ന ജീപ്പിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ മസ്ജിദ് ഭാരവാഹികൾ സാദിഖലി തങ്ങളെ ചാലിയത്ത് ജുമാമസ്ജിദിലേക്ക് സ്വീകരിച്ച് ആനയിച്ചു.

ചാലിയത്ത് മസ്ജിദ്നു 100 മീറ്റർ മാത്രം അകലെയുള്ള മേജർ ദേവീ ക്ഷേത്ര ഗോപുരനടയിൽ ക്ഷേത്ര ഭാരവാഹികളും സ്ത്രീകളുമടക്കം നിരവധിപേർ തങ്ങളെ കാണാൻ കാത്തുനിന്നിരുന്നു. ക്ഷേത്ര ഗോപുര നടയിലെത്തിയ തങ്ങൾ വാഹനത്തിൽ നിന്നുമിറങ്ങി ഗോപുര നടയിൽ ക്ഷേത്ര വിശ്വാസികളുടെ അടുത്ത് എത്തുകയായിരുന്നു.

അവിടെയെത്തിയ തങ്ങളെ മേള വാദ്യങ്ങളോടെയാണ് ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചത്. തങ്ങളെ കാണാനും സ്വീകരണത്തിനുമെത്തിയ സ്ത്രീകളെ കാണാനും അദ്ദേഹം മറന്നില്ല. പത്തുമിനിട്ടോളം അവിടെ ചെലവഴിച്ച തങ്ങൾക്ക് തേവലക്കരയുടെ മാനവ മൈത്രിയെക്കുറിച്ച് ക്ഷേത്ര ഭാരവാഹികൾ വിശദീകരിച്ചു.

മസ്ജിദ് ഉദ്ഘാടനം കഴിഞ്ഞു നേരെ പോയത് സമ്മേളനവേദിക്ക് സമീപമുള്ള മർത്ത മറിയം ഓർത്തഡോക്സ് ആൻഡ് മാർ ആബോ തീർത്ഥാടന കേന്ദ്രത്തിലേക്ക് ആയിരുന്നു. അവിടെ പള്ളി വികാരി ഫാദർ മാത്യൂ ടി. തോമസ്, ട്രസ്റ്റി പി.ഒ കോശി വൈദ്യൻ, സെക്രട്ടറി പി.ടി ജോൺ വൈദ്യൻ എന്നിവരും മറ്റു ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് തങ്ങളെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ഊഷ്മളമായ സ്വീകരണത്തോടൊപ്പം പ്രസംഗിക്കാനുള്ള അവസരവും പ്രത്യേകം സജ്ജീകരിച്ചിരുന്നു. സ്വീകരണശേഷം തങ്ങൾക്ക് പ്രത്യേക വിരുന്നു നൽകിയാണ് യാത്രയാക്കിയത്.

മസ്ജിദ് ഭാരവാഹികളും തങ്ങളെ അനുഗമിച്ചു. തേവലക്കരയുടെ മാനവ സൗഹൃദം കൂടുതൽ സുദൃഢമാക്കുന്നതായിരുന്നു പാണക്കാട് സാദിഖലി തങ്ങളുടെ സന്ദർശനമെന്ന് ചാലിയത്ത് മുസ്‌ലിം ജമാഅത്ത് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

TAGS :

Next Story