Quantcast

വിദ്വേഷ പരാമർശം: പി.സി ജോർജിനെ അനുകൂലിച്ച് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

ജോർജ് പറഞ്ഞതിൽ അടിസ്ഥാനം ഉണ്ടെന്നും അതിനെ മതപരമായി വ്യാഖ്യാനിക്കുന്നത് അപലപനീയമാണെന്നും കമ്മീഷൻ പ്രസ്താവനയിൽ പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2025-03-12 16:29:44.0

Published:

12 March 2025 9:40 PM IST

Syro Malabar Church Public Affairs Commission supports PC George in Hate speech
X

കൊച്ചി: വിദ്വേഷ പരാമർശങ്ങളിൽ ബിജെപി നേതാവ് പി.സി ജോർജിനെ അനുകൂലിച്ച് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെ പറ്റിയും പി.സി ജോർജ് പറഞ്ഞതിൽ അടിസ്ഥാനം ഉണ്ടെന്നും അതിനെ മതപരമായി വ്യാഖ്യാനിക്കുന്നത് അപലപനീയമാണെന്നും കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്ത് വൻതോതിൽ സ്ഫോടകവസ്തു ശേഖരങ്ങളും ആയുധങ്ങളും എത്തുന്നു. മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തഃസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരൻമാർക്കും കടമയുണ്ട്. പി.സി ജോർജ് പറഞ്ഞ കാര്യങ്ങളിൽ ഉന്നതതല അന്വേഷണം വേണമെന്നും സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസമാണ് വീണ്ടും വിദ്വേഷ പരാമർശവുമായി പി.സി ജോർജ് രം​ഗത്തെത്തിയത്. മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെയാണെന്നായിരുന്നു ജോർജിന്റെ പ്രസ്താവന. അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോർജ് പറഞ്ഞു. ലഹരി ഭീകരതയ്‌ക്കെതിരെ പാലാ ബിഷപ്പ് പാലായില്‍ വിളിച്ച സമ്മേളനത്തിലായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവന.

22, 23 വയസാകുമ്പോൾ പെൺകുട്ടികളെ കെട്ടിച്ചുവിടണം, ഇക്കാര്യം ക്രൈസ്തവ സമൂഹം ശ്രദ്ധിക്കണമെന്നും പി.സി ജോർജ് പറഞ്ഞിരുന്നു. ജോർജിനെതിരെ വിവിധ സംഘടനകൾ പരാതി നൽകിയിട്ടും കേസെടുക്കാൻ ഇതുവരെ പൊലീസ് തയാറായിട്ടില്ല. മുസ്‌ലിം സമുദായത്തിനെതിരെ നടത്തിയ വിദ്വേഷ പരാമർശക്കേസിൽ നിലവിൽ ജാമ്യത്തിലാണ് പി.സി ജോർജ്.


TAGS :

Next Story