Quantcast

കേരള സ്റ്റോറി; രാജ്യവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്.വൈ.എസ്

സുപ്രിം കോടതിയും കേന്ദ്ര അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാൻ മാത്രമല്ല അതിനു സംഘടിതമായ ശ്രമങ്ങളുണ്ട് എന്ന് വരുത്തിതീർക്കാൻ കൂടിയാണ് സിനിമ ഉദ്യമിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 April 2023 7:34 AM GMT

kerala story
X

കേരള സ്റ്റോറി

കോഴിക്കോട്: ഇസ്‌ലാം ഭീതി വളർത്തി ജനങ്ങളെ സാമുദായികമായി പിളർത്താനും കേരളത്തെ അപകീർത്തിപ്പെടുത്താനുമായി പടച്ചുണ്ടാക്കിയ കേരള സ്റ്റോറി സിനിമക്ക് രാജ്യത്തെ തിയറ്ററുകളിൽ പ്രദർശനാനുമതി നല്കരുതെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര കേരളാ സർക്കാറുകളോട് ആവശ്യപ്പെട്ടു. സുപ്രിം കോടതിയും കേന്ദ്ര അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാൻ മാത്രമല്ല അതിനു സംഘടിതമായ ശ്രമങ്ങളുണ്ട് എന്ന് വരുത്തിതീർക്കാൻ കൂടിയാണ് സിനിമ ഉദ്യമിക്കുന്നത്. എങ്കിൽ എന്തുകൊണ്ട് ആ സംഘടിത ശ്രമം കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചില്ല? 32,000 മലയാളി യുവതികളെ ഇസ്‍ലാമിലേക്ക് മതം മാറ്റി ഐ എസ് എസ് കേന്ദ്രത്തിലേക്ക് കടത്തി എന്നാണ് സിനിമ ആരോപിക്കുന്നത്.

ഇത്രയേറെ ആളുകളെ കടത്തിക്കൊണ്ട് പോയിട്ടും ഒന്നും ചെയ്യാൻ പറ്റാതിരുന്ന ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത് എന്ന ആരോപണം കൂടിയാണ് അടിസ്ഥാനപരമായി സിനിമ ഉന്നയിക്കുന്നത്. സർക്കാരും അന്വേഷണ ഏജൻസികളും ഒന്നിനും കൊള്ളാത്തവരാണ് എന്ന പ്രചാരണം രാജ്യവിരുദ്ധ ശക്തികൾക്കാണ് ഊർജം പകരുക. അത്തരം ഇന്ത്യാവിരുദ്ധ മനോഭാവം പുലർത്തുന്ന വിധ്വoസക ശക്തികളുടെ ഫണ്ട് ഉപയോഗിച്ചാണോ ഈ സിനിമ നിർമ്മിച്ചത് എന്ന് കേന്ദ്രം അന്വേഷിക്കണം.

ഈ സിനിമ രാജ്യത്തെ ഹൈന്ദവ, ക്രൈസ്തവ കുടുംബങ്ങളിലെ പെൺകുട്ടികളെ സംശയമുനയിൽ നിർത്തുകയാണ്. അവർ പ്രണയചാപല്യങ്ങളിൽ പെട്ട് തീവ്രവാദികൾക്കൊപ്പം ചേരാൻ സന്നദ്ധമായി നില്കുകയാണ് എന്ന് ധ്വനിപ്പിക്കുന്നത് അവരുടെ ബൗദ്ധികനിലവാരത്തെയും വിദ്യാഭ്യാസമികവിനെയും അപഹസിക്കുന്ന നടപടിയാണ്. രണ്ടു പ്രധാന മതസമുദായങ്ങളിലെ കുടുംബങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ സർക്കാർ വകവെച്ചു നൽകരുത്. രാജ്യത്തെ ഒരു സ്ക്രീനും ഇത് പ്രദർശിപ്പിക്കാതിരിക്കാനും ഓൺലൈൻ മാധ്യമങ്ങളിലടക്കം ഇത് പ്രചരിപ്പിക്കാതിരിക്കാനുമുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളണം. കേരളത്തെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത് എന്നതിനാൽ സംസ്ഥാനസർക്കാർ പ്രത്യേകമായി ഈ വിഷയത്തിൽ ഇടപെടണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു.

TAGS :

Next Story