Quantcast

ഹിന്ദു ഐക്യവേദിയുടെ പരാതി; തൃശൂർ മെഡിക്കൽ കോളജിലെ എസ്‌വൈഎസ് സേവനം നിർത്തിവെപ്പിച്ചു

നിർധനരും അഭയമില്ലാത്തവർക്കും ലഭിച്ചിരുന്ന സഹായമാണ് ഹിന്ദുത്വ സംഘടനകളുടെ പരാതിയെ തുടർന്ന് നിർത്തലാക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 Dec 2025 4:36 PM IST

ഹിന്ദു ഐക്യവേദിയുടെ പരാതി; തൃശൂർ മെഡിക്കൽ കോളജിലെ എസ്‌വൈഎസ് സേവനം നിർത്തിവെപ്പിച്ചു
X

തൃശൂർ: ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ നൽകിവന്നിരുന്ന എസ്‌വൈഎസ് സേവനം അധികൃതർ നിർത്തിവെപ്പിച്ചു. പോസ്റ്റ്‌മോർട്ടത്തിന് എത്തുന്നവർക്ക് പോസ്റ്റ്‌മോർട്ടം കിറ്റ് സൗജന്യമായി നൽകുന്ന പദ്ധതിയാണ് വിവിധ ഹിന്ദുത്വ സംഘടനകളുടെ എതിർപ്പ് ഭയന്ന് നിർത്തിവെക്കാൻ തീരുമാനമായത്.

മൃതദേഹം പൊതിഞ്ഞുനൽകാൻ എസ്‌വൈഎസിന് നൽകിയ അനുമതി പിൻവലിക്കണമെന്ന് ഫോറൻസിക് വകുപ്പിനോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സനൽകുമാർ ആവശ്യപ്പെട്ടു. ഇതോടെയാണ് സേവനം അവസാനിപ്പിക്കാൻ എസ്‌വൈഎസിനോട് ആവശ്യപ്പെട്ടത്.



മൃതദേഹം സംസ്‌കാരത്തിന് സജ്ജമാക്കി കൊണ്ടുപോകാൻ ബന്ധുക്കളെ സഹായിക്കാൻ എസ്‌വൈഎസിന് അനുമതി നൽകിയതിനെതിരെ ഹിന്ദു ഐക്യവേദി തലപ്പിള്ളി താലൂക്ക് കമ്മിറ്റി പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോർട്ടം കിറ്റ് സൗജന്യമായി നൽകുന്ന പദ്ധതിക്ക് എസ്‌വൈഎസ് തുടക്കം കുറിച്ചത്. നിർധനരും അഭയമില്ലാത്തവർക്കും ലഭിച്ചിരുന്ന സഹായമാണ് ഹിന്ദുത്വ സംഘടനകളുടെ പരാതിയെ തുടർന്ന് നിർത്തലാക്കിയിരിക്കുന്നത്.

10 വർഷമായി സാന്ത്വനം വളണ്ടിയർമാർ മെഡിക്കൽ കോളജ് മോർച്ചറിയുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവർത്തനം നടത്തുന്നുണ്ടെന്ന് എസ് വൈഎസ് പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘം എപ്പോഴും മോർച്ചറിയിൽ സഹായത്തിനുണ്ടാവും. അജ്ഞാത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കാരത്തിന് ഒരുക്കിനൽകാറുണ്ട്. തുണിയടക്കം ആവശ്യമുള്ളവ പൂർണമായും സൗജന്യമായാണ് നൽകുന്നത്. ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട നാരായൺ ഭാഗേലിന്റെ മൃതദേഹം പൊതിഞ്ഞുനൽകിയതും എസ് വൈഎസ് വളണ്ടിയർമാരായിരുന്നു.

'മൃതദേഹങ്ങളോട് അനാദരവ് കാട്ടാൻ' ഉത്തരവിട്ടത് ആരെന്ന് അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ആവശ്യപ്പെട്ടു. എസ്‌വൈഎസ് എന്ന ഇസ്‌ലാമിക സംഘടനക്ക് പോസ്റ്റ്‌മോർട്ടത്തിന് ശേഷം എല്ലാ മതസ്ഥരുടെയും മൃതശരീരം കൈകാര്യം ചെയ്യാൻ അനുമതി കൊടുത്തതിനെ നിസാരമായി കാണാനാവില്ലെന്നും ശശികല പറഞ്ഞു.

TAGS :

Next Story