കോഴിക്കോട് മെഡിക്കൽ കോളജിലെ പുക: അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റുന്നതിനിടെ രോഗി മരിച്ചതായി ടി.സിദ്ദീഖ് എംഎൽഎ
വയനാട് കോട്ടപ്പടി സ്വദേശി നസീറ (44) ആണ് മരിച്ചത്. നസീറയുടെ മയ്യിത്ത് കണ്ടുവെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എംഎല്‍എ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനിടെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയ രോഗി മരിച്ചെന്ന് ടി.സിദ്ദീഖ് എംഎല്‍എ.
വയനാട് കോട്ടപ്പടി സ്വദേശി നസീറ 44 ആണ് മരിച്ചത്. നസീറയുടെ മയ്യിത്ത് കണ്ടുവെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എംഎല്‍എ പറഞ്ഞു. എത്രപേർ മരിച്ചു എന്നുള്ള കണക്ക് പുറത്ത് വിടണമെന്നും സിദ്ദീഖ് എംഎൽഎ ആവശ്യപ്പെട്ടു. അതേസമയം മരണവിവരം മെഡിക്കല്‍ കോളജ് അധിതൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ഷോർട്ട് സർക്യൂട്ട് അപകടം അത്യന്തം ഗൗരവമേറിയതാണ്. ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് രോഗികൾ പറയുകയുണ്ടായി. രോഗികൾ അടക്കം പരക്കം പായുന്ന സാഹചര്യമുണ്ടായി. അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം വിശ്വസനീയമല്ല.
എന്റെ മണ്ഡലത്തിലെ മേപ്പാടിയിൽ നിന്നുള്ള വെന്റിലേറ്ററിലായിരുന്ന നസീറ എന്ന സ്ത്രീ (44 വയസ്) അപകടം കാരണം മരണപ്പെട്ടിരിക്കുന്നു… രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മരണം നടന്നത്. മൂന്ന് പേർ അപകടത്തിൽ മരണപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. നസീറയുടെ മയ്യിത്ത് കണ്ടു, ബന്ധുക്കളുമായി സംസാരിച്ചു.
അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് പുക ശാന്തമാക്കിയത്. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്.
Watch Video Report
Adjust Story Font
16

