Quantcast

‘പ്രിയപ്പെട്ട അലൻ നന്ദി, മരിക്കാതെ തിരികെ എത്തിയതിന്; കാമ്പസിൽ മർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്..’ കുറിപ്പുമായി താഹ ഫസൽ

എസ്.എഫ്.​ഐ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ക്രൂരമായ റാഗിങ്ങിനിരായായ സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്

MediaOne Logo

Web Desk

  • Updated:

    2024-03-02 05:10:54.0

Published:

2 March 2024 3:38 AM GMT

Thwaha Fasal,Allan Shuaib
X

കോഴിക്കോട്: കാമ്പസിൽ മർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിനും അതിൻ്റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിനും മരിക്കാ​തെ തിരികെ എത്തിയതിനും അലൻ ഷുഹൈബിനേട് നന്ദി പറഞ്ഞു താഹ ഫസൽ. വെറ്ററിനറി സർവകലാശാലായിൽ എസ്.എഫ്.​ഐ നേതാക്കളുടെ നേതൃത്വത്തിൽ ക്രൂരമായ റാഗിങ്ങിനിരായായതിന് പിന്നാലെ സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അലൻ ഷുഹൈബ് നേരിട്ട പീഡനങ്ങൾ ഓർമിപ്പിച്ചു താഹ ഫസൽ സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതിയിരിക്കുന്നത്.

കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിനും, കാമ്പസിൽ മർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിനും അതിൻ്റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിനും മരിക്കാ​തെ തിരികെ എത്തിയതിനും പ്രിയപ്പെട്ട അലന് നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ്.

കുറിപ്പിന്റെ പൂർണ രൂപം

പ്രിയപ്പെട്ട അലൻ

നന്ദി

മരിക്കാതെ തിരികെ എത്തിയതിനു .

കൊല്ലപ്പെടാവുന്ന സാഹചര്യത്തിൽ പോരാടി പഠിച്ചതിനു.

ക്യാമ്പസിൽമർദ്ദനമേൽക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി നിലയുറപ്പിച്ചതിനു.

അതി​ന്റെ പേരിൽ ചുമത്തിയ കള്ളക്കേസിൽ തളരാതെ നിന്നതിനു .

പാലയാട് കാമ്പസിലെ വിദ്യാർഥിയായിരുന്ന അലൻ ഷുഹൈബ് എസ്.എഫ്.ഐ നേതാവിനെ റാഗ് ചെയ്തുവെന്ന പരാതിയുമായി എസ്.എഫ്.ഐ നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവം വലിയ വിവാദമാക്കിയിരുന്നെങ്കിലും റാഗിംഗ് വിരുദ്ധ കമ്മിറ്റി റിപ്പോര്‍ട്ടിൽ എസ്.എഫ്.ഐയുടെ ആരോപണം വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പാലയാട് ക്യാമ്പസിലുണ്ടായത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമെന്നായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ട്.

അലന്‍ ഷുഹൈബിന് റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ബന്ധമില്ലെന്നാണ് സമിതി വ്യക്തമായ നടത്തിയ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയും കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ട്. ഇതിന് പുറമെ വിദ്യാര്‍ഥികളുടെയും മറ്റുള്ളവരുടെയും മൊഴിയെടുത്തതിലും പരാതിയില്‍ പറയുന്ന റാഗിംഗ് നടന്നിട്ടില്ല എന്ന് ക​ണ്ടെത്തി. അജിംസ് ബി എന്ന യുവാവിനെ അലന്‍ ഷുഹൈബും സംഘവും റാഗ് ചെയ്തുവെന്നതായിരുന്നു അലനെതിരെ ഉയര്‍ന്നിരുന്ന ആരോപണം. ഇതേ തുടര്‍ന്ന് അലനെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്യുകയും സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. പന്തീരങ്കാവ് എന്‍.ഐ.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാനാണ് വ്യാജ റാഗിങ് കേസ് ഉണ്ടാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാല്‍ റാഗിംഗ് വിരുദ്ധ കമ്മിറ്റി വന്നതോടെയാണ് ജാമ്യം റദ്ദാകുന്ന സാഹചര്യം ഒഴിവായത്.

ഇതിന് പിന്നാലെ സമ്മർദ്ദം താങ്ങാനാകാതെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ എറണാകുളത്തെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ അലനെ കണ്ടെത്തിയിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. 'സിസ്റ്റവും എസ്.എഫ്.ഐയുമാണ് തന്‍റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന്' അലൻ ഷുഹൈബ് സുഹൃത്തുക്കൾക്ക് അന്ന് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു. തന്നെ തീവ്രവാദി ആക്കാൻ സിസ്റ്റം ശ്രമിക്കുന്നു, തന്റെ ജീവിതം കൊണ്ട് അമ്മാനമാടുകയാണെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

അതെ സമയം സിദ്ധാർഥ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജിലെ എസ്.എഫ്.ഐ നേതാക്കളടക്കം പതിനൊന്ന് പേരാണ് ഇതുവരെ പിടിയിലായത്. എസ്.എഫ്.ഐ നേതാക്കളായ കോളേജ് യൂണിയൻ ചെയർമാനും യൂണിറ്റ് സെക്രട്ടറിയുമടക്കം പിടിയിലായിട്ടുണ്ട്.

ബി.വി.എസ്.സി രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥന് ക്രൂരമർദനം നേരിടേണ്ടിവന്നുവെന്ന് തെളിയിക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ തുടർച്ചയായി മർദ്ദിച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സിദ്ധാർഥിനെതിരെ പെൺകുട്ടി നൽകിയെന്നു പറയുന്ന പരാതിയിൽ ദുരൂഹതയുയർന്നു. പെൺകുട്ടിയുടെ പേരിൽ കോളജിൽ പരാതി എത്തിയത് സിദ്ധാർഥ് മരിച്ച ദിവസമാണ്. പരാതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നൽകിയത് ഈ മാസം 20നുമായിരുന്നു. ആൾക്കൂട്ട വിചാരണയും ക്രൂരമർദനവുമെല്ലാം നടന്നിട്ടും ഇതേക്കുറിച്ച് ആഭ്യന്തര അന്വേഷണം നടന്നില്ല. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെയാണ് അധികൃതർ ഇടപെട്ടത്. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡീൻ എം.കെ നാരായണനെ വെറ്ററിനറി സർവകലാശാല വി.സി സംരക്ഷിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.

സംഭവത്തിൽ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികൾ ഉൾപ്പെടെ പത്തുപേർ അറസ്റ്റിലായിട്ടുണ്ട്. ഏഴുപേർ ഒളിവിലാണ്. ഒരാൾ പൊലീസ് കസ്റ്റഡിയിലുമുണ്ട്. കേസിൽ ഉൾപ്പെട്ട 31 വിദ്യാർഥികൾക്ക് പഠനവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലിൽനിന്ന് ഉൾപ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story