Quantcast

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നികുതി: പ്രതിഷേധവുമായി ബസ് ഉടമകൾ

ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വാഹന ഉടമകൾ.

MediaOne Logo

Web Desk

  • Published:

    28 Oct 2022 1:27 AM GMT

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത  ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നികുതി: പ്രതിഷേധവുമായി ബസ് ഉടമകൾ
X

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾ കേരളത്തിൽ നികുതി അടയ്ക്കണമെന്ന ഉത്തരവിനെതിരെ പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ് ഉടമകൾ. അന്തർ സംസ്ഥാന യാത്രകൾ സുഗമമാക്കുന്നതിന് കേന്ദ്രം ആവിഷ്കരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബസ് ഉടമകൾ. നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആന്റ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗാലാൻഡ്, ഒഡിഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ റജിസ്റ്റർ ചെയ്ത് സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു. രജിസ്ട്രേഷൻ മാറ്റുകയോ കേരളത്തിലെ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ സർവീസ് നടത്താൻ അനുവദിക്കില്ല.

എന്നാൽ നിയമം പ്രാബല്യത്തിലാക്കി ഒന്നര വർഷത്തിനുശേഷം തമിഴ്നാട്ടിൽ നികുതി പിരിക്കുന്നുവെന്ന കാരണം പറഞ്ഞ് കേരളത്തിലെ നികുതി പിരിക്കാനുളള മോട്ടോർ വാഹന വകുപ്പിന്റെ നടപടി അംഗീകരിക്കില്ലെന്നാണ് ടൂറിസ്റ്റ് ബസ് ഉടമകളുടെ വാദം. കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമായി ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടിക്കെതിരെ കേരള ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് വാഹന ഉടമകൾ.

TAGS :

Next Story