Quantcast

''ഇനി ഇങ്ങനെ ചെയ്യരുത് കെട്ടോ മോനേ...''; കള്ളന് 'ക്ലാസെടുത്ത്‌' അധ്യാപിക

മറ്റൊരു മോഷണക്കേസില്‍ പുനലൂർ സ്റ്റേഷനിൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാനായി എത്തിയപ്പോഴാണ് പ്രതി ഇസ്മയിലിനെ തൃത്താല പൊലീസ് തന്ത്രപരമായി പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    21 Sep 2023 11:53 AM GMT

Thrithala native teacher advises thief who stole from home, Thrithala home robbery case, teacher lecture to thief
X

പാലക്കാട്: ''ഞാനൊരു ടീച്ചറാണ്. കുട്ടികളെ എൽ.കെ.ജി മുതൽ 'അ' എന്ന് പഠിപ്പിക്കുന്നയാളാണ്. ഇനി ഇങ്ങനെ ചെയ്യരുത് കെട്ടോ മോനേ.. എന്റെ മോനെ പോലെയാണ്. എന്റെ മോനെ പ്രായമേ ആയിട്ടുണ്ടാകുകയുള്ളൂ നിനക്കും.''

വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളൻ മുന്നിൽ വന്നുനിന്നിട്ടും ഇങ്ങനെ സഹാനുഭൂതിയോടെയും അലിവോടെയും പെരുമാറാൻ ഒരു അധ്യാപികയ്ക്കല്ലാതെ മറ്റാർക്കാകും! പാലക്കാട് തൃത്താലയിലെ ആനക്കരയിൽനിന്നാണ് ഈ കൗതുകക്കാഴ്ച. തൃത്താലയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മായിലിനെ തെളിവെടുപ്പിനായി പൊലീസ് വീട്ടിലെത്തിച്ചപ്പോഴായിരുന്നു വീട്ടമ്മയായ ടീച്ചറുടെ 'ക്ലാസ്'.

വീടാണ്, മുന്നിൽ നിൽക്കുന്നത് കള്ളനാണെന്നൊന്നും ചിന്തയിൽ വന്നതേയില്ല, ക്ലാസിൽ അലമ്പ് കാണിക്കുന്ന പിള്ളേരെ ഉപദേശിച്ചു നന്നാക്കുന്ന 'ടീച്ചർ മോഡി'ലേക്ക് ഒറ്റയടിക്കു മാറി അവർ. ഞാൻ ഒന്നു സംസാരിക്കട്ടെ എന്നു ചോദിച്ചുകൊണ്ടാണ് തുടങ്ങിയത്. സംസാരിച്ചോളൂ എന്ന് പൊലീസ് അനുവാദവും നൽകി.

''എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എത്ര പാവങ്ങളെയാണ് ഉപദ്രവിക്കുന്നത്. ഞാനൊരു ടീച്ചറാണ്. കുട്ടികളെ എൽ.കെ.ജി മുതൽ 'അ' അക്ഷരം പഠിപ്പിക്കുന്നയാളാണ്. ഇനി ഇങ്ങനെ ചെയ്യരുത് കെട്ടോ മോനേ.. 38 വയസിനിടെ ഭർത്താവ്, അമ്മ, അച്ഛൻ എന്നിവരെയെല്ലാം നഷ്ടപ്പെട്ടയാളാണ്. കുട്ടികൾക്കു ജോലി കിട്ടി എന്തൊക്കെയോ ആയതാണ്. നമ്മുടെ അടുത്ത് ഒന്നുമില്ല. ആ സാഹചര്യം മനസിലാക്കണം. എല്ലാ വീടുകളിലും ഇതുപോലെയുള്ള ആളുകളാണ്. നല്ലതായി പെരുമാറാൻ ശ്രമിക്കുക. എന്റെ മോനെ പോലെയാണ്. എന്റെ മോനെ പ്രായമേ ആയിട്ടുണ്ടാകുകയുള്ളൂ നിനക്കും.''-ഇങ്ങനെ പോയി 'ടീച്ചറു'ടെ ഉപദേശം.

തൃത്താലയിൽ നാളുകളായി ജനങ്ങളുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. കൊല്ലത്തുനിന്നാണ് പ്രതി ഇസ്മയിലിനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തത്. ആനക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ സി.സി.ടി.വി കാമറയിൽ കള്ളന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.

മറ്റൊരു മോഷണക്കേസില്‍ പുനലൂർ സ്റ്റേഷനിൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാനായി എത്തിയപ്പോഴാണ് പൊലീസ് ഇസ്മയിലിനെ തന്ത്രപരമായി പിടികൂടിയത്. ആനക്കരയിൽ രണ്ടു വീടുകളിലും ഞാങ്ങാട്ടിരിയിൽ യുവതിയുടെ മാലപൊട്ടിച്ചതും ഉൾപ്പടെ പ്രദേശത്തെ അഞ്ച് വീടുകളിലാണ് ഇയാൾ മോഷണം നടത്തിയത്. അഞ്ചു കേസുകളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

Summary: Teacher 'gives a lesson' to thief who stole from her home- Viral video from Thrithala, Palakkad

TAGS :

Next Story