Quantcast

ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന കോളേജ് മാനേജ്മെന്റുകൾക്കെതിരെ നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല

ആദ്യഘട്ടത്തിൽ ആറ് കോളേജുകളിൽ പരിശോധന നടത്തും. ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന മാനേജ്മെന്റുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-05-26 02:40:35.0

Published:

26 May 2023 2:37 AM GMT

Technical University is ready to take action against the college managements who default in salary distribution
X

തിരുവനന്തപുരം: അധ്യാപകർക്ക് ശമ്പളം നല്‍കാത്ത സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിൽ പരിശോധന നടത്താൻ സാങ്കേതിക സര്‍വകലാശാല. കർശന പരിശോധന നടത്താൻ പ്രത്യേക കമ്മിറ്റിയെ സർവകലാശാല ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ ആറ് കോളേജുകളിൽ പരിശോധന നടത്തും. ശമ്പള വിതരണത്തിൽ വീഴ്ച വരുത്തുന്ന മാനേജ്മെന്റുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം.

പല സ്വാശ്രയ എൻജിനീയറിങ് കോളേജുകളും അധ്യാപകർക്ക് കൃത്യമായി ശമ്പളം നൽകുന്നില്ല എന്ന പരാതി ഏറെ നാളുകളായി ഉയരുന്നുണ്ട്. വിഷയത്തിൽ ഇടപെടണമെന്ന് ഹൈക്കോടതി പലതവണ സർവകലാശാലയ്ക്ക് നിർദ്ദേശവും നൽകി. ഇതേത്തുടർന്നാണ് അധ്യാപകരുടെ പരാതി പ്രകാരം പരിശോധനയുമായി മുന്നോട്ടു പോകാൻ സർവകലാശാല തീരുമാനിച്ചത്. എല്ലാ കോളേജുകളും എ.ഐ.സിറ്റി.ഇ, യു.ജി.സി എന്നിവ നിശ്ചയിക്കുന്ന ശമ്പളം നല്‍കണമെന്ന് സര്‍വകലാശാല പുറത്തിറക്കിയ ഉത്തരവിൽ നിര്‍ ദ്ദേശിച്ചിട്ടുണ്ട്.

അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കാമെന്ന മാനേജ്‌മെന്റ് സത്യവാങ്മൂലത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കിയത്. ശമ്പളം നല്‍കാതിരിക്കുന്നത് അഫിലിയേഷന്‍ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സര്‍വകലാശാല ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. രാജിവച്ചവരുടെ ശമ്പളകുടിശികയും നിക്ഷേപവും നല്‍കിയില്ലെങ്കിലും നടപടിയുണ്ടാകും. ഇതു പ്രകാരം പരാതി ഉയർന്ന കോളേജുകളിൽ അടിയന്തരമായി പരിശോധന നടത്താനാണ് തീരുമാനം.

പരിശോധനയ്ക്കായി സിൻഡിക്കേറ്റ് തലത്തിൽ ഒരു സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഈ സമിതി സബ് കമ്മിറ്റികൾ മുഖേന കോളേജുകളിൽ പരിശോധന നടത്തും. ശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികളെ കുറിച്ച് സർവകലാശാല തീരുമാനമെടുക്കുക. നിർദ്ദേശം നൽകിയിട്ടും അനുസരിക്കാത്ത കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കുന്നതടക്കം സർവകലാശാലയുടെ പരിഗണനയിലുണ്ട്.

TAGS :

Next Story