ടെലഗ്രാം ഉപയോഗിക്കുന്നവർ ജാഗ്രത; പാർട്ട് ടൈം ജോലിയുടെ മറവിൽ പണം തട്ടാൻ വലവിരിച്ച് സംഘങ്ങൾ
ആദ്യ ഘട്ടത്തിൽ പണം ലഭിച്ച ആത്മവിശ്വാസത്തിൽ ഭീമമായ തുക നൽകാൻ ഇരകൾ തയ്യാറാകുന്നു

Photo| Special Arrangement
കോഴിക്കോട്: പണം തട്ടാൻ ടെലഗ്രാമിൽ വല വിരിച്ച് തട്ടിപ്പു സംഘങ്ങൾ. പാർട്ട് ടൈം ജോലിയുടെ മറവിലാണ് തട്ടിപ്പ് നടക്കുന്നത്. ടെലഗ്രാമിന്റെ മോഡറേഷൻ നയങ്ങൾ സുതാര്യമല്ലാത്തതാണ് തട്ടിപ്പ് സംഘങ്ങൾക്ക് സഹായകരമാകുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ 21 കാരനെ 32 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.വനിതാ ഡോക്ടറിൽ നിന്ന് പാർട്ട് ടൈം ജോലിക്കെന്ന പേരിൽ ടെലഗ്രാമിലൂടെ പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ഇതുപോലെയുള്ള നിരവധി തട്ടിപ്പ് സംഘങ്ങളാണ് ടെലഗ്രാമിൽ സജീവമായുള്ളത്.
ആദ്യം വാട്ട്സാപ്പിലൂടെയോ മറ്റു ചാറ്റിങ് ആപ്പുകളിലൂടെയോ പാർട്ട് ടൈം ജോലിയിൽ താത്പര്യമുണ്ടോയെന്ന് ചോദിച്ച് സന്ദേശമയക്കും. താത്പര്യമറിയിച്ചാൽ ടാസ്ക്കുകൾ നൽകും. ഏതെങ്കിലും ഹോട്ടലിനോ മറ്റോ റിവ്യൂ നൽകാനുള്ള സിമ്പിൾ ടാസ്കായിരിക്കും ലഭിക്കുക.
ടാസ്ക് പൂര്‍ത്തിയാക്കി നൽകിയാൽ ചെറിയ തുകകൾ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും. പിന്നാലെ കൂടുതൽ ടാസ്കുകൾക്ക് വേണ്ടി ടെലഗ്രാമിൽ ബന്ധപ്പെടാൻ ആവശ്യപ്പെടും. അയച്ചു തരുന്ന ടെലഗ്രാം ഗ്രൂപ്പുകളുടെ ലിങ്കിൽ കയറിയാൽ നിരവധിയാളുകൾ വലിയ തുകകൾ ലഭിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ടുകൾ പങ്കുവെച്ചതായി കാണാം. ഇതോടെ ആളുകളുടെ വിശ്വാസം വർധിക്കും. പിന്നീട് വലിയ ടാസ്ക്കുകൾ നൽകി തുടങ്ങും. പ്രതിഫലം ലഭിക്കാൻ സർവീസ് ചാർജ് ആവശ്യപ്പെടും.ആദ്യ ഘട്ടത്തിൽ പണം ലഭിച്ച ആത്മവിശ്വാസത്തിൽ ഭീമമായ തുക നൽകാൻ ഇരകൾ തയ്യാറാകുന്നു.ഇങ്ങനെ ലക്ഷങ്ങൾ നഷ്ടമായവരും നിരവധിയാണ്.
Adjust Story Font
16

