Quantcast

'അമിത് ഷാ വാക്ക് പാലിച്ചു'; കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്രത്തിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ്

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 Aug 2025 3:02 PM IST

Thalassery Bishop thanks the Center for granting bail to nuns
X

കണ്ണൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. കേന്ദ്ര സർക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. വൈകിയാണെങ്കിലും നീതി ലഭിച്ചു. അമിത് ഷാ പറഞ്ഞ വാക്ക് പാലിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു.

ഛത്തീസ്ഗഡ് സർക്കാരിന്റെ എതിർപ്പിനെ അവഗണിച്ച് കാര്യമായ ഇടപെടൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കന്യാസ്ത്രീകൾക്ക് എതിരായ കേസ് പിൻവലിക്കാനും ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭ രാഷ്ട്രീയം കാണുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്ന രാഷ്ട്രീയ കക്ഷികളുണ്ടാവാം. എന്നാൽ സഭക്ക് ഈ നിലപാടില്ല. ഛത്തീസ്ഗഡ് ബിജെപി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കന്യാസ്ത്രീകളുടെ കാല് പിടിക്കുന്ന കാർട്ടൂൺ പുറത്തിറക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ പലരും പലതും സോഷ്യൽ മീഡിയയിൽ പങ്കുവെക്കും. അതിനെക്കുറിച്ച് അറിയില്ല എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.

ബിജെപിയെ പറയാൻ തങ്ങൾ മടിക്കുന്നില്ല. തെറ്റിനെ തെറ്റ് എന്നുതന്നെ വിളിക്കും. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും പാർട്ടിയെ നിരന്തരം ആക്രമിക്കുക എന്ന രീതി തങ്ങൾക്കില്ല. തെറ്റ് പറ്റിയെങ്കിൽ അത് തിരുത്താനുള്ള ആർജവത്തെ സ്വാഗതം ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്നും ബിഷപ്പ് പാംപ്ലാനി ആവശ്യപ്പെട്ടു.

TAGS :

Next Story