ഫ്രഷ്കട്ട് സമരം: 'സമരസമിതിയിലുള്ളവർ പ്ലാന്റ് ആക്രമിച്ചിട്ടില്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും സമിതിയുടെ ഭാഗം': സമരസമിതി ചെയർമാൻ
എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദവും സമരസമിതി തളളി.

സമരസമിതി ചെയർമാൻ ബാബു കുടുക്കി Photo-mediaonenews
കോഴിക്കോട്: ഫ്രഷ് കട്ട് സമരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സമരസമിതി. എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദവും സമരസമിതി തളളി.
സമരസമിതിയംഗങ്ങള്‍ പ്ലാൻ് അക്രമിച്ചില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കി പറഞ്ഞു. ഫ്രഷ് കട്ടിൻ്റെ ഗുണ്ടകളോ കമ്പനിയുടെ എതിരാളികളോ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. കുട്ടികളെയും സ്ത്രീകളെയും കവചമാക്കി എന്ന പൊലീസ് ആരോപണവും സമരസമിതി തള്ളി.
"സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കുകയല്ല, അവർ അനുഭവിക്കുന്ന വേദനയാണത്. ഈ ഉമ്മമാരോടും അമ്മമാരോടും സഹോദരിമാരോടും ഒക്കെ ചോദിച്ചാൽ അതിനുള്ള ഉത്തരം അവർ പറയും.
4000ത്തോളം കുടുംബങ്ങളാണ് വേദന അനുഭവിക്കുന്നത്. ഇവർ ആരും അവിടെ പോയി പൊളിച്ചിട്ടില്ല. പിന്നെ, ഒരുപാട് ഗുണ്ടകളെ വളർത്തുന്നവരാണ് ഇവർ. അന്വേഷിച്ചാൽ മനസ്സിലാകും. ഒരുപാട് ഗുണ്ടകൾ ഇവർക്കുണ്ട്. അവരാണോ ഇത് ചെയ്തതെന്ന് ഞങ്ങൾ സംശയിക്കുന്നുണ്ട്. അതല്ലെങ്കിൽ ഇവരോട് വൈരാഗ്യമുള്ള മറ്റ് പ്ലാന്റുകൾ. അതുപോലെത്തന്നെ മലപ്പുറം ജില്ലയിലെ മാലിന്യ കമ്പനിക കോഴിക്കോട് മാലിന്യം എടുക്കാൻ വന്നാൽ അത് തടുക്കുകയും ഗുണ്ടായിസത്തിൽക്കൂടെ അവരെയൊക്കെ അടിക്കുകയൊക്കെ ചെയ്ത ഒരുപാട് കേസുകളുണ്ട്. അവരായിരിക്കാം, ഞങ്ങൾക്ക് അറിയില്ല.
സമരസമിതി എന്തായാലും അത് പൊളിക്കാനോ അതിന് തീയിടാനോ പോയിട്ടില്ല. ഇത്രയും ചെറിയ കുഞ്ഞുങ്ങളും അതുപോലെത്തന്നെ വൃദ്ധന്മാരും ഉമ്മമാരും അമ്മമാരുമൊക്കെയുള്ളപ്പോൾ അവിടെ ഒരു പ്രകോപനം സൃഷ്ടിക്കാനോ അല്ലെങ്കിൽ ഒരു തീയിടാനോ സമരസമിതിയിലെ ആളുകൾ ആരും പോയിട്ടില്ല''- ബാബു കുടുക്കി വ്യക്തമാക്കി.
Adjust Story Font
16

