Quantcast

വിഴിഞ്ഞം സമരം ഒത്തുതീർപ്പായി സഹകരിച്ച എല്ലാവർക്കും നന്ദി; അഹമ്മദ് ദേവർകോവിൽ

മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചർച്ചയിൽ ഇന്നാണ് സമരം ഒത്തുതീർപ്പായത്

MediaOne Logo

Web Desk

  • Updated:

    2022-12-06 16:49:08.0

Published:

6 Dec 2022 4:25 PM GMT

വിഴിഞ്ഞം സമരം ഒത്തുതീർപ്പായി സഹകരിച്ച എല്ലാവർക്കും നന്ദി; അഹമ്മദ് ദേവർകോവിൽ
X

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാരും സമരസമിതിയും നടത്തിയ ചർച്ച വിജയിച്ച സാഹചര്യത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചർച്ചയിൽ ഇന്നാണ് സമരം ഒത്തുതീർപ്പായത്. സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചതായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര അറിയിച്ചു. മുഖ്യമന്ത്രിയുമായും മന്ത്രിതല സമിതിയുമായും ചീഫ് സെക്രട്ടറിയുടെ ഓഫീസിലായിരുന്നു ചർച്ച.

വീട് വാടക തുക 8,000 ആക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. സർക്കാർ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മോണിറ്ററിങ് സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മോണിറ്ററിങ് കമ്മിറ്റി. എന്നാൽ ഇത് കൂടാതെ സമരസമിതിയും പഠനം നടത്തുമെന്ന് യൂജിൻ പെരേര പറഞ്ഞു. പൂർണ സംതൃപ്തിയോടെ അല്ല സമരം പിൻവലിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

'വാടക 2500 കൂടി കൂട്ടിത്തരാമെന്ന് സർക്കാർ പറഞ്ഞു. എന്നാലത് സിഎസ്ആർ ഫണ്ട് വഴിയാണെന്ന് അറിഞ്ഞതിനാൽ അത് വേണ്ടന്നാണ് തങ്ങളുടെ നിലപാടെന്ന് ഫാ. യൂജിൻ പെരേര വ്യക്തമാക്കി. സമരം ചെയ്തത് വെറും തുകകൾ കണ്ടല്ല. ന്യായങ്ങൾ സ്ഥാപിച്ചെടുക്കാനാണ്. അതിനാൽ 5500 തന്നെ മതിയെന്ന് ഞങ്ങൾ പറഞ്ഞു. ബാക്കി സാധ്യതകൾ എന്താണെന്ന് പരിശോധിക്കും.

മോണിറ്ററിങ് സമിതിയെ ഇതിനകം തന്നെ സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ഈ സമിതിയിൽ തങ്ങളുടെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന് മുമ്പ് മന്ത്രിസഭായോഗത്തിൽ സർക്കാർ ഉറപ്പുനൽകിയതാണ്. ചർച്ചകൾ പുരോഗമിക്കുന്ന സന്ദർഭത്തിൽ പ്രതിനിധിയെ ഉൾപ്പെടുത്താമെന്നാണ് പറഞ്ഞിട്ടുള്ളത്. നിലവിൽ ആ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

സർക്കാർ രൂപീകരിച്ച കമ്മിറ്റി വിഷയം ചർച്ച ചെയ്യുമ്പോൾ തങ്ങളുടെ വിദഗ്ധാഭിപ്രായം പറയും. കൂടാതെ, വിദഗ്ധരെ ഉൾപ്പെടുത്തി സമരസമിതി ഏഴംഗ സമിതി രൂപീകരിച്ച് തുറമുഖം സൃഷ്ടിക്കാൻ പോവുന്ന ആഘാതവും അതിന്റെ വ്യാപ്തിയും പുറത്തുകൊണ്ടുവരും. അത് പൊതുജനങ്ങളുമായി ചർച്ച ചെയ്തായിരിക്കും കൊണ്ടുവരിക.

അക്രമങ്ങളുമായി ബന്ധപ്പെട്ട് മാത്രമല്ല, അല്ലാതെയും നിരവധി കേസുകളുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതിനുള്ള ഒരു സംഭവവും ഉണ്ടായിട്ടില്ല. ആ സാഹചര്യങ്ങൾ ഒരു ജുഡീഷ്യൽ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം എന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ അതിൽ നിലപാട് അറിയിച്ചില്ല.

അതിനാൽ കോടതിയെ സമീപിക്കാനുള്ള ആലോചനയുണ്ട്. തുറമുഖം നിർത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ തയാറായില്ല. തുറമുഖം നിർമിക്കേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ജനങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും പരിഹരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും' യൂജിൻ പെരേര കൂട്ടിച്ചേർത്തു. അതേസമയം, പദ്ധതി നിർത്തിവയ്ക്കില്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചു. ചർച്ച വിജയിച്ചതോടെ 140 ദിവസം പിന്നിടുന്ന സമരത്തിനാണ് താൽക്കാലികമായി വിരാമമാവുന്നത്.


TAGS :

Next Story