പോറ്റിക്ക് ശബരിമലയിൽ അവസരം നൽകിയത് തന്ത്രി; സ്വർണപ്പാളി കൊണ്ടുപോയത് അറിയാമായിരുന്നെന്നും എസ്ഐടി
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വളർത്തിയതും ശബരിമലയിൽ കൊണ്ടുവന്നതുമെല്ലാം തന്ത്രിയാണെന്ന് അറസ്റ്റിലായ എ. പത്മകുമാർ അടക്കം മൊഴി നൽകിയിരുന്നു.

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ അവസരങ്ങൾ നൽകിയത് തന്ത്രിയെന്ന് എസ്ഐടി കണ്ടെത്തൽ. മുൻ തിരുവിതാകൂർ ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയും തന്ത്രിക്ക് കുരുക്കായി. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരെ അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും.
ശബരിമലയിലെ മൂല്യമേറിയ വസ്തുക്കൾ പുറത്തേക്ക് കൊണ്ടുപോകണമെങ്കിൽ തന്ത്രിയുടെ അനുമതി വേണമെന്നിരിക്കെ സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ല എന്നായിരുന്നു കണ്ഠരര് രാജീവരരുടെ ആദ്യ മൊഴി. എന്നാൽ മഹസർ റിപ്പോർട്ടിലും കണ്ടെടുത്ത രേഖകളിലുമെല്ലാം തന്ത്രിയും ഒപ്പിട്ടിട്ടുണ്ടെന്ന് എസ്‌ഐടി മനസിലാക്കുകയും അതിന്റെ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റടക്കമുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു. തന്ത്രി അറിഞ്ഞാണ് സ്വർണപ്പാളി പുറത്തേക്ക് കൊണ്ടുപോയതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ വളർത്തിയതും ശബരിമലയിൽ കൊണ്ടുവന്നതുമെല്ലാം തന്ത്രിയാണെന്നും അറസ്റ്റിലായ എ. പത്മകുമാർ അടക്കം മൊഴി നൽകിയിരുന്നു. ദൈവതുല്യനായ ഒരാൾക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നും അദ്ദേഹമാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്നും പത്മകുമാർ വ്യക്തമാക്കിയിരുന്നു. ആ ദൈവതുല്യൻ തന്ത്രിയാണെന്നും വ്യക്തമായി. ഇതോടെയാണ് തന്ത്രി കണ്ഠരര് രാജീവിന്റെ അറസ്റ്റിലേക്കെത്തിയത്.
പോറ്റി സ്വർണം പുറത്തേക്ക് കൊണ്ടുപോയതും മറ്റ് കാര്യങ്ങളും തന്ത്രിക്ക് അറിയാമായിരുന്നെന്നും കണ്ഠരര് രാജീവരരുടെ മൗനസമ്മതത്തോടെയാണ് ഇക്കാര്യങ്ങളൊക്കെ നടന്നതെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. പോറ്റിയുമായി ഫോൺ കോളടക്കം ഉണ്ടായിരുന്നെന്നും കണ്ടെത്തി. ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടോയെന്നും പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന്, തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിലേക്ക് കൊണ്ടുപോയി. രണ്ടാംവട്ട ചോദ്യം ചെയ്യലിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. രാവിലെ ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതുവരെ 10 പേരാണ് കേസിൽ അറസ്റ്റിലായത്.
Adjust Story Font
16

