Quantcast

ശശി തരൂർ പ്രധാനമന്ത്രിയാകാനും യോഗ്യൻ, പക്ഷേ സഹപ്രവർത്തകർ സമ്മതിക്കില്ല: സുകുമാരൻ നായർ

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയതുകൊണ്ടാണ് കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. ഉമ്മൻ ചാണ്ടിയായിരുന്നെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാകുമായിരുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    8 Jan 2023 6:50 AM GMT

ശശി തരൂർ പ്രധാനമന്ത്രിയാകാനും യോഗ്യൻ, പക്ഷേ സഹപ്രവർത്തകർ സമ്മതിക്കില്ല: സുകുമാരൻ നായർ
X

സുകുമാരൻ നായർ 

തിരുവനന്തപുരം: പ്രധാനമന്ത്രിയാവാനും യോഗ്യതയുള്ള ആളാണ് ശശി തരൂരെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അതിന് കോൺഗ്രസിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ സമ്മതിക്കില്ല. തരൂർ നല്ല തറവാടി നായരാണ്. മുമ്പ് അദ്ദേഹത്തെ ഡൽഹി നായർ എന്ന് വിളിച്ചത് തെറ്റായിപ്പോയി. അത് തിരുത്താനാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് തരൂരിനെ ക്ഷണിച്ചത്. കോൺഗ്രസ് നേതാവ് എന്ന നിലക്കല്ല അദ്ദേഹത്തെ ക്ഷണിച്ചത്. തരൂർ വിശ്വപൗരനാണെന്നും 'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന'് നൽകിയ അഭിമുഖത്തിൽ സുകുമാരൻ നായർ പറഞ്ഞു.

'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂട' എന്നതിൽ ചില സത്യങ്ങളുണ്ടെന്ന് സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ ശ്രദ്ധിച്ചാൽ അത് മനസിലാവും. പ്രതിപക്ഷനേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നായർ സമുദായത്തെ തള്ളിപ്പറഞ്ഞവരാണ്. 'ഇരിക്കാൻ പറഞ്ഞാൽ കിടക്കരുത' എന്നാണ് വി.ഡി സതീശൻ ഒരിക്കൽ പറഞ്ഞത്. അത്തരം പ്രയോഗങ്ങൾ സമുദായത്തെ അപമാനിക്കലാണ്. അദ്ദേഹത്തോട് ഒരിക്കലും നായർ സമുദായം ക്ഷമിക്കില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയതുകൊണ്ടാണ് കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടത്. ഉമ്മൻ ചാണ്ടിയായിരുന്നെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാകുമായിരുന്നില്ല. രമേശ് ചെന്നിത്തലക്ക് താക്കോൽ സ്ഥാനം നൽകണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദവി കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹം നായർ സമുദായത്തെ തള്ളിപ്പറഞ്ഞുവെന്നും സുകുമാരൻ നായർ പറഞ്ഞു.

ബി.ജെ.പി യഥാർഥത്തിൽ ഹിന്ദു സമുദായത്തിന്റെ സംരക്ഷകരല്ല. ബി.ജെ.പിക്ക് ആത്മാർഥതയുണ്ടായിരുന്നെങ്കിൽ ശബരിമല സംരക്ഷണത്തിന് സമരം ചെയ്തവരുടെ പേരിലുള്ള കേസുകൾ ഇപ്പോഴുണ്ടാവുമായിരുന്നില്ല. പ്രധാനമന്ത്രിക്ക് ഒറ്റ ഫോൺ കോൾ കൊണ്ട് എല്ലാ കേസുകളും പരിഹരിക്കാമായിരുന്നു. പക്ഷേ, അത് ചെയ്യുന്നില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിൽനിന്നും സമദൂരം എന്നതാണ് എൻ.എസ്.എസ് നയമെന്നും സുകുമാരൻ നായർ പറഞ്ഞു.

ലവ് ജിഹാദ് ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മതങ്ങൾക്കതീതമായി ആളുകൾ വിവാഹം കഴിക്കുന്നുണ്ട്. അതിന് ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story