Quantcast

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കം ശക്തമാക്കി തരൂര്‍; തെക്കന്‍ കേരളത്തിലും പരിപാടികള്‍

തരൂരിനെ കടന്നാക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം തല്‍ക്കാലം വിവാദങ്ങളില്‍ നിന്നും വഴി മാറി നടക്കും

MediaOne Logo

Web Desk

  • Updated:

    2022-11-24 01:12:49.0

Published:

24 Nov 2022 12:58 AM GMT

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കം ശക്തമാക്കി തരൂര്‍; തെക്കന്‍ കേരളത്തിലും പരിപാടികള്‍
X

തിരുവനന്തപുരം: മലബാര്‍ പര്യടനം വിജയകരമായതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കം ശശി തരൂര്‍ ശക്തിപ്പെടുത്തുന്നു. തെക്കന്‍- മധ്യ കേരളത്തിലും സമാനമായ രീതിയില്‍ വിവിധ പരിപാടികളില്‍ തരൂര്‍ പങ്കെടുക്കും. തരൂരിനെ കടന്നാക്രമിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം തല്‍ക്കാലം വിവാദങ്ങളില്‍ നിന്നും വഴി മാറി നടക്കും.

വിലക്കും വിവാദവും വിഭാഗീയ പ്രവര്‍ത്തനമെന്ന ആരോപണവുമൊക്കെ തരൂരിന് ഗുണം ചെയ്തുവെന്നാണ് അദ്ദേഹത്തോട് ഒപ്പമുള്ളവരുടെ വിലയിരുത്തല്‍. വിമര്‍ശകരോട് താന്‍ എന്ത് വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന് വിശദീകരിക്കാന്‍ തരൂര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും ഈ കരുത്തിലാണ് .

സംഘപരിവാറിനെതിരായ സെമിനാറിലടക്കം താന്‍ പങ്കെടുക്കുന്നത് എന്ത് വിഭാഗീയ പ്രവര്‍ത്തനമാണെന്ന ചോദ്യം ഉയര്‍ത്തി എല്ലാ ആക്ഷേപങ്ങളേയും പ്രതിരോധിക്കാനും തരൂരിനാവുന്നു. എന്‍.എസ്.എസ് ആസ്ഥാനത്തെ പരിപാടിയില്‍ കൂടി തരൂര്‍ പങ്കെടുക്കുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നും തരൂരിനൊപ്പമുള്ളവര്‍ കരുതുന്നു. പാല,കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണാനുള്ള തരൂരിന്‍റെ നീക്കവും കൃത്യമായ കണക്ക് കൂട്ടലോടെയാണ്. തിരുവനന്തപുരത്തെ പാര്‍ട്ടി സമരങ്ങളില്‍ സജീവമല്ലെന്ന വിമര്‍ശനങ്ങളെ മറികടക്കാനുള്ള നീക്കവും തരൂര്‍ നടത്തും. മറുഭാഗത്ത് തരൂര്‍ നടത്തുന്നത് വിഭാഗീയ പ്രവര്‍ത്തനമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കെ.സുധാകരനും സതീശനും ഇനി തല്‍ക്കാലം കൂടുതല്‍ പ്രതികരണത്തിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാടും സ്വീകരിച്ചു. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് ഇരുവരും ഒഴിഞ്ഞു മാറി. വിവാദത്തില്‍ ദേശീയ നേതൃത്വത്തിന്‍റെ ഇടപെടലും ഇവര്‍ പ്രതീക്ഷിക്കുന്നു. എ ഗ്രൂപ്പിന്‍റെ തന്ത്രപരമായ മൗനവും കെ. മുരളീധരടനക്കമുള്ളവരുടെ പരസ്യ നിലപാടും പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കമുള്ളവര്‍ക്ക് തിരിച്ചടിയാണ്.



TAGS :

Next Story