Quantcast

'ഇപ്പോൾ മരുമകന്മാരുടെ കാലമാണ്, ബ്രഹ്മപുരം പ്ലാന്റിന്റെ കരാറുകാരൻ വൈക്കം വിശ്വന്റെ മരുമകനാണ്'; വിമർശനവുമായി കെ. സുരേന്ദ്രൻ

സംസ്ഥാനത്ത് അഴിമതിയിൽ എൽഡിഎഫും യുഡിഎഫും പരസ്പരം സഹകരിക്കുകയാണെന്നും കൊച്ചിയിൽ കോൺഗ്രസ് സമര രംഗത്തില്ലെന്നും സുരേന്ദ്രൻ

MediaOne Logo

Web Desk

  • Published:

    8 March 2023 6:09 AM GMT

That there is a corruption of crores in the Brahmapuram waste plant and the fire was no accident: BJP State President K. Surendran
X

BJP State President K. Surendran

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും തീപിടിത്തം ഉണ്ടായത് ആകസ്മികമായല്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. പ്ലാന്റിന്റെ മുഖ്യ കരാറുകാരൻ വൈക്കം വിശ്വന്റെ മരുമകനാണെന്നും ഇപ്പോൾ മരുമകന്മാരുടെ കാലമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു. സംസ്ഥാനത്ത് അഴിമതിയിൽ എൽഡിഎഫും യുഡിഎഫും പരസ്പരം സഹകരിക്കുകയാണെന്നും കൊച്ചിയിൽ കോൺഗ്രസ് സമര രംഗത്തില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയും യുവമോർച്ചയും മാത്രമാണ് സമര രംഗത്തുള്ളതെന്നും അവകാശപ്പെട്ടു. കൊച്ചി കോർപ്പറേഷന്റെ അഴിമതിക്ക് യുഡിഎഫ് കുടപിടിക്കുകയാണെന്നും ബ്രഹ്മപുരത്ത് രാഷ്ട്രീയപാർട്ടികളും നഗരസഭയും കാലാകാലങ്ങളായി തീവെട്ടി കൊള്ള നടത്തുകയാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. വിഷയത്തിൽ 100 കോടിയുടെ കൊടുക്കൽ വാങ്ങൽ നടന്നുവെന്നും പറഞ്ഞു.

അതേസമയം, കേരളത്തിലും വേരുകളുള്ള അഴിമതി കേസ് ആണ് ഡൽഹി പൊലീസ് അന്വേഷിക്കുന്നതെന്നും കേന്ദ്ര ഏജൻസികൾ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനേഷ് സിസോദിയക്കെതിരെ തെളിവില്ലെന്നാണ് പിണറായി വിജയൻ പറയുന്നതെന്നും സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട ആളല്ലേ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയിലേക്കും പാർട്ടി നേതാക്കളിലേക്കും അന്വേഷണം വന്നപ്പോൾ കേന്ദ്ര ഏജൻസികളെ പിണറായി വിജയൻ തള്ളിപ്പറയുകയാണെന്നും വിമർശിച്ചു.

മുഖ്യമന്ത്രിയുടെ രണ്ട് കൈകളാണ് ശിവശങ്കരനും സിഎം രവീന്ദ്രനുമെന്നും സി എം രവീന്ദ്രൻ അറിയാത്ത ഒരു കാര്യവും മുഖ്യമന്ത്രി ഓഫീസിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ലൈഫ് മിഷനിലെ കോഴ ഇടപാട് നടക്കില്ലെന്നും ചൂണ്ടിക്കാട്ടി. അഴിമതിക്കാരെ നിർത്തി കവചം തീർക്കാൻ ശ്രമിക്കുകയാണോ മുഖ്യമന്ത്രിയെന്ന് സുരേന്ദ്രൻ ചോദിച്ചു. മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയക്കേണ്ടതില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ ഭയക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

12ാം തീയതി അമിത് ഷാ തൃശൂരിൽ എത്തുമെന്നും യുഡിഎഫ് -എൽഡിഎഫ് ഒത്തുതീർപ്പ് രാഷ്ട്രീയത്തെ തുറന്നു കാണിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

That there is a corruption of crores in the Brahmapuram waste plant and the fire was no accident: BJP State President K. Surendran

TAGS :

Next Story