Quantcast

വടകര മുൻ എം.എൽ.എ അഡ്വ.എം.കെ.പ്രേംനാഥിൻ്റെ മൃതദേഹം സംസ്‌കരിച്ചു

വടകര തട്ടോളിക്കരയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-09-29 13:07:13.0

Published:

29 Sept 2023 6:30 PM IST

വടകര മുൻ എം.എൽ.എ അഡ്വ.എം.കെ.പ്രേംനാഥിൻ്റെ മൃതദേഹം സംസ്‌കരിച്ചു
X

കോഴിക്കോട്: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും വടകര മുൻ എം.എൽ.എയുമായ അഡ്വ.എം.കെ.പ്രേംനാഥിന്റെ മൃതദേഹം സംസ്‌കരിച്ചു. വടകര തട്ടോളിക്കരയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് എംകെ പ്രേമനാഥന്റെ മരണം സ്ഥിരീകരിച്ചത്.

വടകര ടൗൺ ഹാളിലും ഓർക്കാട്ടേരി പാർട്ടി ഓഫീസായ ജെ.പി ഭവനിലും തട്ടോളിക്കരയിലെ തറവാട് വീട്ടിലും നടന്ന പൊതുദർശനത്തിൽ സാമൂഹ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് സാധാരണക്കാരും അന്തിമോപചാരം അർപ്പിച്ചു. കെ. മുരളീധരൻ എം.പി. എം.എൽ.എ മാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.കെ.രമ, ഇ.കെ. വിജയൻ, കെ.പി.മോഹനൻ, മുൻ കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനൻ, എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ തുടങ്ങി പ്രമുഖർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.

സോഷ്യലിസ്റ്റ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് എം.കെ.പ്രേംനാഥ് പൊതുരംഗത്തെത്തിയത്. യുവജനതാദൾ സംസ്ഥാന സെക്രട്ടറിയായും ദേശീയസമിതി അംഗമായും പ്രവർത്തിച്ചു. 2006ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി വടകരയിൽ നിന്ന് നിയമസഭയിലെത്തി. പാർട്ടി പിളർന്നതോടെ എം.പി.വീരേന്ദ്രകുമാറിനോടോപ്പം സോഷ്യലിസ്റ്റ് ജനതയ്‌ക്കൊപ്പം ചേർന്നു.

2011ൽ യു.ഡി.എഫ് സ്ഥാനാർഥിയായി വടകരയിൽ വീണ്ടും മത്സരിച്ചെങ്കിലും സി.കെ.നാണുവിനോട് പരാജയപ്പെട്ടു. വിമതയോഗം നടത്തിയതിനെ തുടർന്ന് സോഷ്യലിസ്റ്റ് ജനതയിൽ നിന്ന് 2013ൽ പുറത്താക്കിയെങ്കിലും പിന്നീട് പാർട്ടിയിൽ തിരികെയെത്തി. വടകര ബാറിലെ അഭിഭാഷകൻ കൂടിയായ പ്രേംനാഥ് എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയിലിരിക്കെയാണ് വിട വാങ്ങിയത്.

TAGS :

Next Story