അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം
വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നൽകി

തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡിന് അധികാരം നൽകുന്ന ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ബിൽ. വന നിയമ ഭേദഗതി ബില്ലിനും പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ ഈ രണ്ടു ബില്ലുകളും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് 1972ലെ കേന്ദ്ര വന്യജീവി നിയമപ്രകാരം കടുത്ത വ്യവസ്ഥകളാണുള്ളത്. ആറംഗസമിതി രൂപീകരിക്കുകയും ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുകയും വേണം. പിന്നീട് കെണിവെച്ച് പിടികൂടണം എന്നാണ് വ്യവസ്ഥ. ഇതിനും കഴിയാതെ വന്നാൽ മാത്രമാണ് വെടിവെച്ചു പിടികൂടാനുള്ള വ്യവസ്ഥ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ഈ കർശന വ്യവസ്ഥയ്ക്ക് ഇളവ് നൽകുന്ന നിയമ ഭേദഗതിക്കാണ് അംഗീകാരം നൽകിയത്.
ഇത് പ്രകാരം മനുഷ്യജീവന് ഒരു മൃഗം അപകടം വരുത്തുന്നു എന്ന വിവരം ജില്ലാ കലക്ടറോ വനംവകുപ്പിലെ ഉദ്യോഗസ്ഥരോ സിസിഎഫിനെ അറിയിക്കണം. ഇതോടെ മൃഗത്തെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡിന് ഇറക്കാനാവും. നിയമസഭ ബില്ലിന് അംഗീകാരം നൽകിയാലും കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുന്നതിനാൽ രാഷ്ട്രപതിയുടെ അനുമതി വേണ്ടിവരും. മലയോര മേഖലയെ സംബന്ധിച്ചിടത്തോളം സർക്കാർ നീക്കം സുപ്രധാനമാണ്. തെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നിയമ ഭേദഗതിയുമായി സർക്കാർ എത്തിയത്.
സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കാൻ അനുമതി നൽകുന്ന വനം നിയമ ഭേദഗതിക്കും മന്ത്രി സഭായോഗം അംഗീകാരം നൽകി. വനംവകുപ്പിന്റെ അനുമതിയോടെ ചന്ദനമരം മുറിച്ചു നീക്കാം എന്നാണ് വ്യവസ്ഥ. വനം എക്കോ ടൂറിസം ബോർഡ് ബിൽ മാറ്റി വെച്ചു. മറ്റു വകുപ്പുകളും ആയി കൂടുതൽ കൂടിയാലോചനയ്ക്ക് ശേഷം ആവശ്യമായ ഭേദഗതികൾ വരുത്തും. അതിന് ശേഷമായിരിക്കും എക്കോ ടൂറിസം ബോർഡ് ബിൽ മന്ത്രിസഭാ യോഗത്തിന് മുന്നിലെത്തുക.
Adjust Story Font
16

