Quantcast

ഷാരോണ്‍ കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും തിരുവനന്തപുരം റൂറല്‍ പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.

MediaOne Logo

Web Desk

  • Published:

    25 Jan 2023 1:22 AM GMT

Sharon murder case
X

ഗ്രീഷ്മയും കൊല്ലപ്പെട്ട ഷാരോണും

തിരുവനന്തപുരം: തിരുവനന്തപുരം പാറശാല സ്വദേശി ഷാരോൺ കൊലക്കേസിൽ കുറ്റപത്രം ഇന്ന് നല്‍കും. കൊലപാതകത്തിനൊപ്പം തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതി ഗ്രീഷ്മക്കെതിരെ ചുമത്തിയിട്ടുള്ളത്. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകമെന്നും തിരുവനന്തപുരം റൂറല്‍ പൊലീസ് തയാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.



ജീവനെക്കാള്‍ സ്നേഹിച്ച കാമുകി നല്‍കിയ വിഷം കലർന്ന കഷായമായിരുന്നു 23കാരനായ ഷാരോണിന്‍റെ ജീവനെടുത്തത്. കൊലപാതകം നടന്ന് 93-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഷാരോണും ഗ്രീഷ്മയും ഒന്നര വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. പക്ഷെ ഉയര്‍ന്ന സാമ്പത്തികനിലവാരമുള്ള തമിഴ്നാട്ടുകാരനായ സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. പലതവണ പറഞ്ഞിട്ടും ഷാരോണ്‍ പ്രണയത്തില്‍ നിന്ന് പിന്‍മാറിയില്ല. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് കുറ്റകൃത്യത്തിന്‍റെ ലക്ഷ്യമായി പറയുന്നത്. കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കുന്നതിന് മുന്‍പ് ജ്യൂസില്‍ ഡോളോ ഗുളികകള്‍ കലര്‍ത്തിയും മറ്റും ഒന്നിലേറെ തവണ വധശ്രമം നടത്തിയിരുന്നൂവെന്ന് സാഹചര്യത്തെളിവുകളൂടെ അടിസ്ഥാനത്തില്‍ തെളിയിച്ച് കൊലപാതകം ആസൂത്രിതമെന്നും പൊലീസ് വാദിക്കുന്നുണ്ട്.



കഷായത്തിലും ജ്യൂസിലും വിഷം കലര്‍ത്തുന്ന രീതികള്‍ ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിന്‍റെ ശാസ്ത്രീയ തെളിവുകള്‍ വീണ്ടെടുത്തതും ആസൂത്രിത കൊലയ്ക്കുള്ള തെളിവാണ്. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കഷായം നല്‍കിയിരുന്നത്. അതിനാല്‍ തട്ടിക്കൊണ്ടുപോകലിന് സമാനമായ കുറ്റവും പുതിയതായി ചേര്‍ത്തു. ഗ്രീഷ്മയുടെ അമ്മാവനും അമ്മയുമാണ് മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ തെളിവ് നശിപ്പിക്കലാണ് കുറ്റം. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ അന്തിമ വിധി വരുന്നത് വരെ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിക്കാനുള്ള വഴിയും പൊലീസ് പൂർണമായി അടയ്ക്കുകയാണ്.



TAGS :

Next Story