'ഗവർണർക്ക് എല്ലാ അവസരവുമുണ്ടാക്കിയത് മുഖ്യമന്ത്രി'; വിമർശനവുമായി കെ.സി വേണുഗോപാൽ

ഗവർണറെ പറ്റി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞത് വളച്ചൊടിക്കുകയാണെന്നും കെ.സി വേണുഗോപാൽ

MediaOne Logo

Web Desk

  • Updated:

    2022-11-05 09:48:17.0

Published:

5 Nov 2022 9:45 AM GMT

ഗവർണർക്ക് എല്ലാ അവസരവുമുണ്ടാക്കിയത് മുഖ്യമന്ത്രി; വിമർശനവുമായി കെ.സി വേണുഗോപാൽ
X

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഗവർണറും സർക്കാരും ഒത്തുകളിക്കുകയാണ്. ഗവർണർക്ക് എല്ലാ അവസരവുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഗവർണറുടെ ചാൻസലർ പദവി നീക്കം ചെയ്യുന്നതിലടക്കം സി.പി.എമ്മിൽ ചർച്ച നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നെങ്കിൽ ഗവർണർ നടപടിയെടുത്ത് കാണിക്കട്ടെയെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഗവർണറെ പറ്റി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞത് വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറെ അനുകൂലിച്ച് കെ. സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവർണർ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരൻ ഈ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തോട് പറയണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു.

അതേസമയം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന കാര്യത്തിൽ ഇന്നാരംഭിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കും. സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന ചർച്ച ഇന്നലെ സെക്രട്ടേറിയറ്റിൽ ഉണ്ടായി. പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻപ്രായം ഉയർത്തിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ വിവാദങ്ങൾ ഒഴിവാക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ ഉണ്ടായെങ്കിലും സംസ്ഥാന കമ്മിറ്റിയിലും വിഷയം ഉയർന്നുവന്നേക്കും.

ചാൻസലർ പദവി ഉപയോഗിച്ചാണ് സർവകലാശാല ഭരണങ്ങളിൽ ഗവർണർ അമിതമായി ഇടപെടുന്നത്. ഇതിന് തടയിടാനാണ് സിപിഎമ്മിന്റെ നീക്കം. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നിയമഭേദഗതി വേണമെന്ന ആവശ്യം ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചനയാണ് സിപിഎം നേതൃതലത്തിലുള്ളത്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഇന്നും നാളെയും നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലുണ്ടാകും. ഓർഡിനൻസ് കൊണ്ടുവന്നശേഷം ഗവർണർ അതിൽ ഒപ്പിട്ടില്ലെങ്കിൽ നിയമസഭയിൽ ബില്ല് കൊണ്ടുവരാനാണ് ആലോചന.

TAGS :

Next Story