മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞു പോകണം, സഭാകവാടത്തില്‍ സത്യാഗ്രഹം നടത്തും: വി.ഡി സതീശൻ
ഇത് സ്റ്റാലിന്റെ റഷ്യ അല്ലെന്നും ജനാധിപത്യ കേരളമാണെന്നും വി.ഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളിൽ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും അതുവരെ സമരം തുടരുമെന്നും സതീശൻ പറഞ്ഞു. അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്. ആരോപണ വിധേയരായ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.
എന്തൊരു ക്രൂരമായ മർദ്ദനമാണ് സുജിത്തിന് നേരിട്ടത്. ഈ മർദനത്തെ ന്യായീകരിക്കാൻ ആർക്കെങ്കിലും പറ്റുമോ. നിസ്സാരമായ കാര്യത്തിന് കൊണ്ടുപോയിട്ടാണ് സുജിത്തിനെ ക്രൂരമായി മർദിച്ചത്. ക്രൂരമായ മർദനത്തെ സർക്കാർ ന്യായീകരിക്കുന്നു. പൊലീസിനെ തിരുത്താൻ അല്ല നിങ്ങൾ ശ്രമിച്ചത്. ദൃശ്യങ്ങൾ പുറത്തു വരാതിരിക്കാൻ ആണ് ശ്രമിച്ചത്. ദളിത് സ്ത്രീയോട് കക്കൂസിൽ നിന്ന് വെള്ളം എടുത്ത് കുടിക്കാൻ പറഞ്ഞ നാണംകെട്ട പോലീസ് ആണ് നിങ്ങളുടേത്. തോർത്തിൽ കരിക്ക് കെട്ടി അടിക്കാൻ പൊലീസ് എന്താ ആക്ഷൻ ഹീറോ ബിജുവോ. പോലീസിനെ ന്യായീകരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Adjust Story Font
16

