ചെന്താമരക്ക് പരോൾ നൽകരുത്, ഒരിക്കലും പുറത്തുവിടരുത്; പ്രതീക്ഷിച്ച വിധിയെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കൾ
മക്കൾക്ക് സർക്കാർ സംരക്ഷണം ഒരുക്കണമെന്നും രണ്ടുപേർക്കും സർക്കാർ ജോലി നൽകണമെന്നും സജിതയുടെ സഹോദരി സരിത പറഞ്ഞു

Photo|MediaOne News
പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടപടി സ്വാഗതം ചെയ്ത കൊല്ലപ്പെട്ട സജിതയുടെ മക്കൾ. പ്രതീക്ഷിച്ച വിധിയാണ് വന്നിരിക്കുന്നത്. പ്രതിക്ക് പരോൾ നൽകരുതെന്നും ഒരിക്കലും പുറത്തുവിടരുതെന്നും സജിതയുടെ മക്കൾ പറഞ്ഞു.
നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസിൽ ഇനി മേൽക്കോടതിയെ സമീപിക്കുന്നില്ലെന്നും മക്കൾ വ്യക്തമാക്കി. 'ഞങ്ങൾക്ക് ഭയവും ഭീഷണിയുമുണ്ട്. കോടതിയിൽ നിൽക്കുമ്പോൾ പോലും പേടിയുണ്ടായിരുന്നു. കോടതിയോടും സഹായിച്ചവരോടും നന്ദി' എന്ന് മക്കൾ പ്രതികരിച്ചു.
അതേസമയം, മക്കൾക്ക് സർക്കാർ സംരക്ഷണം ഒരുക്കണമെന്നും രണ്ടുപേർക്കും സർക്കാർ ജോലി നൽകണമെന്നും സജിതയുടെ സഹോദരി സരിത പറഞ്ഞു. തങ്ങൾ പറഞ്ഞതെല്ലാം കോടതി അംഗീകരിച്ചുവെന്നും പരോൾ നൽകുന്നുണ്ടെങ്കിൽ സജിതയുടെ ബന്ധുക്കൾക്കും സാക്ഷികൾക്കും സുരക്ഷ നൽകണമെന്നും കേസിൽ ഹാജരായ പ്രോസിക്യൂട്ടർ എം.ജെ വിജയകുമാർ പ്രതികരിച്ചു.
നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻ കോടതിയാണ് വിധി പറഞ്ഞത്. ഇരട്ട ജീവപര്യന്തം തടവിന് പുറമെ മുന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. സജിത വധക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വാദത്തിന് ശേഷമാണ് ഇന്ന കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ശിക്ഷയിൽ ഇളവ് വേണമെന്ന് വാദിച്ച പ്രതിഭാഗം ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നും കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലായിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
2019 ആഗസ്റ്റ് 30നായിരുന്നു നെന്മാറ സ്വദേശിനി സജിതയെ ചെന്താമര കൊലപ്പെടുത്തുന്നത്. ഭാര്യയും മകളും തന്നെ വിട്ടുപോയത് സജിത കാരണമാണെന്ന സംശയത്തെ തുടർന്ന് വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
Adjust Story Font
16

