എ.കെ ശശീന്ദ്രൻ്റെ ചിഹ്നമായിരുന്ന 'ക്ലോക്ക്' അപരനായ പി.കെ ശശീന്ദ്രന്; രസീത് തട്ടിയെടുത്തോടി അജ്ഞാതൻ
തൻ്റെ മേശപ്പുറത്ത് നിന്നും ഒരാൾ രസീത് കൈക്കലാക്കി ഓടി പോയെന്നാണ് ഉപവരണാധികാരി

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൻ്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ നാടകീയ രംഗങ്ങൾ. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി.കെ ശശീന്ദ്രൻ്റെ പത്രിക സ്വീകരിച്ച ശേഷം നൽകുന്ന റസിപ്റ്റ് ഒരാൾ തട്ടിയെടുത്തെന്ന് ആക്ഷേപമുയർന്നു.എൽഡിഎഫ് സ്ഥാനാർഥി എ.കെ ശശീന്ദ്രൻ്റെ പേരിനോട് സാമ്യമുള്ള പി.കെ ശശീന്ദ്രനെ അജിത് പവാർ വിഭാഗം നിർത്തുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മന്ത്രി എ.കെ ശശീന്ദ്രൻ എൻസിപി ചിഹ്നമായ ക്ലോക്ക് അടയാളത്തിലാണ് മത്സരിച്ചിരുന്നത്. പിളർപ്പിനെ തുടർന്ന് അജിത്‌പവാർ പക്ഷത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലോക്ക് ചിഹ്നം അനുവദിച്ചത്. എ കെ ശശീന്ദ്രൻ്റെ പേരിന് സാമ്യമുള്ള പി.കെ ശശീന്ദ്രൻ എന്നയാൾ എൻസിപി അജിത് പവാർ പക്ഷത്ത് നിന്നും പത്രിക നൽകുകയും ചെയ്തു. എന്നാൽ, സൂക്ഷ്മ പരിശോധനയ്ക്കിടെ എ.കെ ശശീന്ദ്രൻ പക്ഷം പി.കെ ശശീന്ദ്രൻ്റെ പത്രികയിൽ ക്രമക്കേടുകൾ ആരോപിച്ചതിനാൽ ഉപവരണാധികാരി പി.കെ ശശീന്ദ്രനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു.
എന്നാൽ, പത്രിക സ്വീകരിച്ച ശേഷം നൽകിയ രസീത് സ്ഥാനാർഥിക്ക് കൈമാറാതെ മറ്റൊരാൾക്ക് നൽകിയെന്നും അയാൾ അതുകൊണ്ട് ഓടി എന്നുമാണ് ആരോപണം. എന്നാൽ, തൻ്റെ മേശപ്പുറത്ത് നിന്നും ഒരാൾ രസീത് കൈക്കലാക്കി ഓടി പോയെന്നാണ് ഉപവരണാധികാരി നൽകുന്ന വിശദീകരണം. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുമുണ്ട്.
Adjust Story Font
16

