Quantcast

സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം; പരാതിക്കാരി ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കും

കോഴിക്കോട് ജില്ലാസെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്‍റെ വിധിയിലെ പരാമർശങ്ങൾക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Aug 2022 1:07 AM GMT

സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശം; പരാതിക്കാരി ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കും
X

കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലെ പരാമർശത്തിനെതിരെ പരാതിക്കാരി ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കും. കോഴിക്കോട് ജില്ലാസെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്‍റെ വിധിയിലെ പരാമർശങ്ങൾക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്നതെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതിനെതിരെയും പരാതിക്കാരി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനപരാതിയിലുള്ള മുന്‍കൂര്‍ ജാമ്യവിധിയിലാണ് വിവാദ പരാമര്‍ശങ്ങള്‍. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ് . അതിനാല്‍ പ്രഥമദൃഷ്ട്യാ 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ്. 74 വയസുകാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയിൽ പരാമർശമുണ്ട്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോഴിക്കോട് സെഷന്‍സ് കോടതി ഈ മാസം 12നാണ് വിധി പുറപ്പെടുവിച്ചത്.

2020 നന്തിയില്‍ നടന്ന കവിത ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊയിലാണ്ടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിയില്‍ നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. പരാതിക്കാരിയുടെ ഫോട്ടയടക്കം പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ച വാദങ്ങളെ അതേ പോലെ ശരിവയ്ക്കുന്നതാണ് കോടതി വിധി.

TAGS :

Next Story