സിൻഡിക്കേറ്റ് യോഗം ചേരാൻ കഴിയുന്നില്ല; കേരള സാങ്കേതിക സർവകലാശാല വിസിയുടെ ഹരജി കോടതി ഇന്ന് പരിഗണിക്കും
ധനകാര്യ-ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും രാഷ്ട്രീയപ്രേരിതമായി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു എന്നാണ് ആക്ഷേപം

തിരുവനന്തപുരം: സിൻഡിക്കേറ്റ് യോഗം ചേരാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. ശിവപ്രസാദ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.നസിൻഡിക്കേറ്റിൽ പങ്കെടുക്കേണ്ട സുപ്രധാന സർക്കാർ വകുപ്പ് മേധാവികൾ മനപ്പൂർവ്വം പങ്കെടുക്കുന്നില്ല എന്ന് എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. ശിവപ്രസാദ് കോടതിയെ സമീപിച്ചത്.
ധനകാര്യ-ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും രാഷ്ട്രീയപ്രേരിതമായി യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു എന്നാണ് ആക്ഷേപം. കോറം തികയാത്തതിനാൽ പലതവണ യോഗം മാറ്റിവയ്‌ക്കേണ്ടി വന്നത് സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തികളെ ബാധിച്ചു എന്നും വിസി ചൂണ്ടിക്കാട്ടുന്നു.
2025-26 വർഷത്തെ ബജറ്റ് പാസാക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഇതോടെ ഡിജിറ്റൽ സേവനങ്ങളും ഇന്റർനെറ്റ് കണക്ഷനും തടസ്സപ്പെടുമെന്ന ആശങ്കയും വിസി ഹരജിയിൽ ഉയർത്തുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാതെ മനപൂർവ്വം വിട്ടുനിൽക്കുന്നത് ചട്ടലംഘനമെന്ന് ഉത്തരവിടാനും, ഉദ്യോഗസ്ഥരോട് യോഗത്തിൽ പങ്കെടുക്കാൻ കോടതി നിർദ്ദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് സി.എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിക്കുക.. നാളെയാണ് സിൻഡിക്കേറ്റ് യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, കേരള സാങ്കേതിക സർവകലാശാല സാമ്പത്തിക പ്രതിസന്ധിയിൽ ചാൻസിലർ എന്ന നിലയിൽ ഗവർണർ ഇടപെട്ടേക്കും. ഇടപെടൽ ആവശ്യപ്പെട്ട് വൈസ് ചാൻസിലർ അയച്ച കത്തിന് ഗവർണർ മറുപടി അയച്ചു. ഏത് രീതിയിലെ ഇടപെടൽ വേണമെന്ന് നിർദ്ദേശിക്കണം എന്നാണ് ഗവർണർ അയച്ച മറുപടിയിൽ പറയുന്നത്. വൈസ് ചാൻസിലർ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കവെയാണ് ഗവർണറുടെ നീക്കം. സാമ്പത്തിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സിൻഡിക്കേറ്റ് യോഗവും വൈസ് ചാൻസിലർ വിളിച്ചിട്ടുണ്ട്. നാളെയാണ് പ്രത്യേക സിൻഡിക്കേറ്റ് യോഗം. വൈസ് ചാൻസിലറും എസ്എഫ്‌ഐയുമായുള്ള ചർച്ചയും നാളെ നടക്കും.
Adjust Story Font
16

