വിദ്യാർഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ച സംഭവം: പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു
അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി

കോട്ടയം: കോട്ടയം പാലായിൽ വിദ്യാർഥിയെ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചതിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പൊലീസ് അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
ഒൻപതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച വിഷയത്തിലാണ് നടപടി. സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വിഡിയോ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി. അതിക്രമം നേരിട്ട വിദ്യാർഥിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പലതവണ സഹപാഠികൾ മാനസികമായി പീഡിപ്പിക്കുകയും വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്തെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഇത് സംബന്ധിച്ച് അധ്യാപകരോട് ചോദിക്കുമ്പോൾ അവർക്ക് അറിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും സംഭവത്തിൽ നടപടിയെടുക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പാലാ പൊലീസിൽ പരാതി നൽകിയത്. സ്‌കൂൾ അധികൃതരും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
Adjust Story Font
16

