Quantcast

'കാലം ഈ കണ്ണാടി പോലെയാണ്'; നെപ്പോളിയന്‍റെ കണ്ണാടികളുമായി ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ്

'ഈ കാണുന്ന രണ്ടു കണ്ണാടി മാത്രമേ അവന്‍റേതായി കൈയ്യില്‍ ഉള്ളൂ'

MediaOne Logo

ijas

  • Updated:

    2021-12-31 12:41:19.0

Published:

31 Dec 2021 12:32 PM GMT

കാലം ഈ കണ്ണാടി പോലെയാണ്; നെപ്പോളിയന്‍റെ കണ്ണാടികളുമായി ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ്
X

ആർ.ടി.ഒ ഓഫീസിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്‍റെ പേരിൽ കേസ് ചുമത്തി വാര്‍ത്തകളില്‍ ഇടം നേടിയ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ഒരിടവേളക്ക് ശേഷം വീണ്ടും പ്രതികരണവുമായി രംഗത്ത്. ആര്‍.ടി.ഒ കസ്റ്റഡിയിലുള്ള നെപ്പോളിയൻ എന്ന തങ്ങളുടെ ടെമ്പോ ട്രാവലര്‍ എന്നും ഒരു പ്രതീക്ഷയായിരുന്നുവെന്നും എന്നാൽ ഇന്ന് ഈ കാണുന്ന രണ്ടു കണ്ണാടി മാത്രമേ അവന്‍റേതായി കൈയ്യിലുള്ളൂവെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വിവാദമായ കേസിനെയും വാഹന കസ്റ്റഡിയെയും പരാമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ചത്. തങ്ങളുടെ നെപ്പോളിയന്‍ എന്ന ടെമ്പോ ട്രാവലറിന്‍റെ ഇരുവശങ്ങളിലെയും കണ്ണാടികളുടെ(റിയര്‍ വ്യൂ മിറര്‍) ചിത്രവും ഇ ബുള്‍ ജെറ്റ് പങ്കുവെച്ചു.

'ഈ കാണുന്ന രണ്ടു കണ്ണാടി പല പ്രതിസന്ധിഘട്ടങ്ങളിലും രക്ഷിച്ചിട്ടുണ്ട് അത് അന്നത്തെ യാത്രകളിൽ എനിക്കൊരു വലിയ ആശ്വാസമായിരുന്നു. ഇന്ന് പ്രതിസന്ധിഘട്ടങ്ങളിൽ പലരീതിയിലുള്ള ആരോപണങ്ങളും കല്ലേറുകളും ഏറ്റുവാങ്ങുന്നു. എന്നാൽ ഞങ്ങൾക്കറിയാം ഒരു തിരിച്ചുവരവ് ഉണ്ടാവും. അത് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരോട് ഇപ്പോൾ നിങ്ങളുടെ അവസരമാണ്. അത് നിങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ കാലം ഈ കണ്ണാടി പോലെയാണ്'- ഇ ബുള്‍ ജെറ്റ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നതാണ് കേസ്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ.ഇ.ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്. നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തിയതായും വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇരുവരും നിലവില്‍ ജാമ്യത്തിലാണ്.

TAGS :

Next Story