ഉരുൾ ദുരന്തത്തിൽ തകർന്ന വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല; ആറ് മാസമായി ഇരുട്ടിൽ മുണ്ടക്കൈ നിവാസികൾ
ജലസേചനം നിലച്ചതോടെ മേഖലയിലെ ഏക്കറുകണക്കിന് കൃഷിയും നാശത്തിന്റെ വക്കിലാണ്

വയനാട്: ഉരുൾ ദുരന്തത്തിൽ തകർന്ന വൈദ്യുതി ബന്ധം പുനസ്ഥാപിക്കാത്തതിനാൽ കടുത്ത ദുരിതത്തിലാണ് മുണ്ടക്കൈ - ചൂരൽമല നിവാസികൾ. വാസയോഗ്യം എന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്നുവരെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫ്യൂസ് ഊരി പോയതായും ആക്ഷേപമുണ്ട്. ജലസേചന സൗകര്യമില്ലാതായതോടെ പ്രദേശത്തെ ഏക്കറുകണക്കിന് കൃഷിയും നാശത്തിൻ്റെ വക്കിലാണ്.
ജൂലൈ 30 ന് ഉരുൾപൊട്ടിയതിന് പിന്നാലെ മുണ്ടക്കൈ മേഖല പൂർണമായും ചൂരൽമല മേഖല ഭാഗികമായും ഇരുട്ടിലാണ്. ഡോക്ടർ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വാസയോഗ്യം എന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ പോലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാതായതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് പ്രദേശവാസികൾ.
ഉരുൾപൊട്ടലോടെ പുഴയുടെയും ഭൂമിയുടെയും ഘടന തന്നെ മാറിപ്പോയതിനാൽ വൈദ്യുതിയും മോട്ടോർ പമ്പ് സെറ്റുമുപയോഗിച്ചല്ലാതെ ജലസേചനം സാധ്യമാകാത്ത നിലയിലാണ് ഇപ്പോൾ. ആറുമാസമായി വൈദ്യുതി ഇല്ലാതായതോടെ തേയിലയും കാപ്പിയും ഏലവുമടക്കം മേഖലയിലെ പ്രധാന കൃഷികളെല്ലാം നശിക്കാൻ തുടങ്ങി.
വാസയോഗ്യം എന്ന് അടയാളപ്പെടുത്തുന്നെങ്കിൽ താമസിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം കാട്ടാനയാക്രമണത്തിൽ ബാലൻ മരിച്ച അട്ടമലയടക്കം പ്രദേശത്തെവിടെയും തെരുവിളക്കുകൾ പ്രവർത്തിക്കാത്തത് വന്യമൃഗ ശല്യം ഇനിയും രൂക്ഷമാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

