'പാർട്ടി ഓഫീസിനോടുള്ളത് വീടിനോടുള്ള ആത്മബന്ധം'; കണ്ണൂർ ജില്ല കമ്മിറ്റി ഓഫീസിനോടുള്ള വൈകാരിക അടുപ്പം പങ്കുവെച്ച് മുഖ്യമന്ത്രി
'പാർട്ടി ഓഫീസിലെ സൗകര്യങ്ങൾ ജില്ലയിലെ പാർട്ടിയുടെ വളർച്ചയ്ക്കും നാടിന്റെ ഉന്നതിക്കുമായി ഉപയോഗിക്കാൻ സഖാക്കൾക്ക് സാധിക്കണം'

കോഴിക്കോട്: സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി ഓഫീസിനോടുള്ളത് സ്വന്തം വീടിനോടുള്ള ആത്മബന്ധത്തിന് തുല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ പാർട്ടി ഓഫീസിലെ വിപുലമായ സൗകര്യങ്ങൾ ജില്ലയിലെ പാർട്ടിയുടെ വളർച്ചയ്ക്കും നാടിന്റെ ഉന്നതിക്കുമായി ഉപയോഗിക്കാൻ സഖാക്കൾക്ക് സാധിക്കണം എന്നു പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പുതുക്കിപ്പണിത സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആയിരിക്കുന്നത് വരെ പ്രധാന പ്രവർത്തന കേന്ദ്രമായിരുന്ന കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിനോടുള്ളത് വളരെ വൈകാരികമായ അടുപ്പമാണ്. സ്വന്തം വീടിനോടുള്ള ആത്മബന്ധത്തിനു തുല്യമാണത്. സഖാവ് അഴീക്കോടന്റെ സമുന്നതമായ രാഷ്ട്രീയ ജീവിതത്തിന്റേയും അനശ്വര രക്തസാക്ഷിത്വത്തിന്റേയും സ്മാരകമായി നിലകൊള്ളുന്ന പാർടി ഓഫീസ് 1957ൽ സഖാവ് അഴീക്കോടന്റെ തന്നെ മുൻകൈയിലാണ് കണ്ണൂർ പട്ടണത്തിലെ സ്വദേശി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ചത്. സഖാവിന്റെ രക്തസാക്ഷിത്വത്തിന്റെ ഒരു വർഷത്തിനു ശേഷം 1973-ൽ പുതിയ മന്ദിരം അദ്ദേഹത്തിന്റെ പേരിൽ ഉദ്ഘാടനം ചെയ്തു. ഇന്നു പുതുതായി നിർമ്മിച്ച 5 നിലകളുള്ള കെട്ടിടത്തിൽ 500 പേർക്ക് ഇരിക്കാവുന്ന എ.കെ.ജി. ഹാൾ, ചടയൻ ഹാൾ, കോൺഫറൻസ് ഹാൾ, ജില്ലാ കമ്മിറ്റിക്കും സെക്രട്ടറിയേറ്റ് മീറ്റിംഗിനുമുള്ള ഹാൾ, പാട്യം പഠന ഗവേഷണ കേന്ദ്രം, ലൈബ്രറി, പ്രസ്സ് കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കണ്ണൂർ ജില്ലയിൽ പാർടിയുടെ വളർച്ചയ്ക്കും നാടിന്റെ ഉന്നതിയ്ക്കുമായി ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സഖാക്കൾക്ക് സാധിക്കണം. അഭിവാദ്യങ്ങൾ.
Adjust Story Font
16

